ബംഗാൾ: എതിരാളികളെ നിഷ്പ്രഭരാക്കി തൃണമൂൽ
text_fieldsകൊൽക്കത്ത: അക്രമങ്ങളുടെ പേരിൽ പഴികേട്ട ബംഗാൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഫലങ്ങൾ തൂത്തുവാരി തൃണമൂൽ കോൺഗ്രസ്. ബുധനാഴ്ച ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം മൊത്തം 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്നതിൽ 34,913 എണ്ണം തൃണമൂൽ നേടി. 677 സീറ്റുകളിൽ അവർ ലീഡ് തുടരുകയാണ്. തൊട്ടടുത്ത എതിരാളിയായി മാറിയ ബി.ജെ.പി 9,656ൽ ജയിച്ചു. 166ൽ ലീഡ് ചെയ്യുകയാണ്. സി.പി.എം 2,926 ലും കോൺഗ്രസ് 2,926 ലും ജയം നേടി.
പഞ്ചായത്ത് സമിതി സീറ്റുകളിൽ തൃണമൂൽ 6,335 ഇടത്ത് ജയിച്ചപ്പോൾ 214ൽ ലീഡ് തുടരുകയാണ്. ബി.ജെ.പി 973 ഉം സി.പി.എം 173ഉം കോൺഗ്രസ് 258ഉം സീറ്റുകൾ നേടി. മൊത്തം 9,728 പഞ്ചായത്ത് സമിതി സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ല പഞ്ചായത്ത് സീറ്റുകളിൽ 635 എണ്ണം ജയിച്ച തൃണമൂൽ 164ൽ ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 21ഉം സി.പി.എം രണ്ടും കോൺഗ്രസ് ആറും സീറ്റുകളിൽ ഒതുങ്ങി.
മത്സരഫലങ്ങളുടെ സൂചനപ്രകാരം ഇത്തവണയും സംസ്ഥാനത്തെ എല്ലാ ജില്ല പഞ്ചായത്തുകളും തൃണമൂൽ തന്നെ ഭരിക്കും. പശ്ചിമ ബംഗാളിൽ 2024 പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ കക്ഷികൾ കാണുന്നത്. വലിയ മുന്നേറ്റം ജനങ്ങളുടെ വിജയമാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ ഉത്തരമേഖലയിലെ മലനിരകളിൽ ഭാരതീയ ഗൂർഖ പ്രജാതന്ത്രിക് മോർച്ച (ബി.ജി.പി.എം) വലിയ സാന്നിധ്യമായത് ശ്രദ്ധേയമായി. ഡാർജിലിങ്, കലിംപോങ് ജില്ലകളിൽ നിരവധി പഞ്ചായത്ത് സീറ്റുകളാണ് ബി.ജി.പി.എം പിടിച്ചത്. മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി മേഖലയിൽ ദ്വിതല തെരഞ്ഞെടുപ്പാണ് നടന്നിരുന്നത്. ഡാർജിലിങ്ങിൽ 70 ഗ്രാമപഞ്ചായത്തുകളിലായി മൊത്തം 598 സീറ്റിൽ 349ഉം പാർട്ടി നേടി. കലിംപോങ്ങിൽ 42 ഗ്രാമപഞ്ചായത്തുകളിലെ 281ൽ 168ഉം അവർക്കൊപ്പംനിന്നു. പഞ്ചായത്ത് സമിതികളിലും അവർ വലിയ നേട്ടമുണ്ടാക്കി. അതിനിടെ, ചൊവ്വാഴ്ച 24 പർഗാനാസിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തുണ്ടായ സംഘർഷത്തിൽ രണ്ട് ഇന്ത്യൻ സെക്കുലർ ഫ്രണ്ട് പ്രവർത്തകരുൾപ്പെടെ മൂന്നു പേർ മരിച്ചു. ഇതോടെ, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച മരണസംഖ്യ 36 ആയി. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും തൃണമൂൽ പ്രവർത്തകരാണ്. വോട്ടെടുപ്പിന് പിന്നാലെ ഗവർണർ ആനന്ദ ബോസ് ഡൽഹിയിലെത്തി രാഷ്ട്രപതിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കണ്ട് വിഷയങ്ങൾ ധരിപ്പിച്ചതും ശ്രദ്ധേയമായി.
നില മെച്ചപ്പെടുത്തി പ്രതിപക്ഷം
കൊൽക്കത്ത: പ്രതീക്ഷിച്ചപോലെ പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തൂത്തുവാരിയെങ്കിലും 2018 ലേതിനെ അപേക്ഷിച്ച് പ്രകടനം മെച്ചപ്പെടുത്താനായ ആശ്വാസത്തിൽ പ്രതിപക്ഷം.
അഞ്ചു വർഷം മുമ്പ് 34 ശതമാനം സീറ്റുകളും എതിരില്ലാതെയാണ് ഭരണകക്ഷി ജയിച്ചിരുന്നതെങ്കിൽ ഇത്തവണ മത്സരം നടക്കാത്തവ നാമമാത്രം. വോട്ടിങ് രീതിയിലുണ്ടായ വലിയ മാറ്റം 2024ലെ പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അങ്കം കടുത്തതാക്കുമെന്ന സൂചനയാണ് നൽകുന്നത്.
കഴിഞ്ഞ തവണ പ്രതിപക്ഷം മൊത്തമായി 20 ശതമാനം സീറ്റുകളാണ് സ്വന്തമാക്കിയിരുന്നതെങ്കിൽ ഇത്തവണ 27-28 ആയി ഉയർന്നു. അക്രമങ്ങളും പഴയതുപോലെ ഏകപക്ഷീയമായിരുന്നില്ലെന്ന സവിശേഷതയുമുണ്ട്. എല്ലാ കക്ഷികളും എതിരാളികൾക്കു നേരെ അതിക്രമം അഴിച്ചുവിട്ടു.
ബി.ജെ.പി ഇത്തവണ 10,000 ഓളം സീറ്റുകൾ ഗ്രാമപഞ്ചായത്ത് തലത്തിൽ നേടി. ഇടത്- കോൺഗ്രസ് കൂട്ടുകെട്ട് 6,000 ത്തോളവും. സി.പി.എമ്മും കോൺഗ്രസും ചേർന്ന് 2018ൽ ആകെ നേടിയത് 1500 സീറ്റുകളായിരുന്നു. ബി.ജെ.പി 5,800 ഉം. അന്ന് അവർ മത്സരിച്ചത് 48,650 സീറ്റുകളിലായിരുന്നെങ്കിൽ ഇത്തവണ 63,219 ആയെന്ന വ്യത്യാസമുണ്ട്.
മുർഷിദാബാദ്, നദിയ, ഹൂഗ്ലി, ബർദമാൻ ജില്ലകളിൽ ഇടതുപക്ഷം വലിയ തിരിച്ചുവരവ് നടത്തിയതും ശ്രദ്ധേയം. ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പോടെ പ്രകടമായ മാറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂടുതൽ ശക്തിയാർജിച്ചതായാണ് റിപ്പോർട്ടുകൾ.
തൃണമൂലിൽ റെബൽ ശല്യം ശക്തിയാർജിച്ചത് മമത ബാനർജി നേതൃത്വം നൽകുന്ന കക്ഷിയെ തുറിച്ചുനോക്കുന്നുണ്ട്. പലയിടങ്ങളിലും അവർ 2000ലേറെ വോട്ടുകൾ വരെ നേടി.
അതേസമയം, കേന്ദ്രവിരുദ്ധ വികാരം ശക്തമായ സംസ്ഥാനത്ത് 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നേട്ടം തുടരാനാകില്ലെന്ന സൂചനയും വിദഗ്ധർ നൽകുന്നു. ന്യൂനപക്ഷ വോട്ടുകൾ ഇത്തവണയും തൃണമൂലിനൊപ്പം ഉറച്ചുനിന്നതായും ഫലങ്ങൾ വ്യക്തമാക്കുന്നു.
ചിലയിടങ്ങളിൽ ബി.ജെ.പിക്ക് ബദലാകുന്ന ഏറ്റവും കരുത്തരെ നോക്കി കൂട്ടമായി ചെയ്യുന്നതും കണ്ടു. മുർഷിദാബാദിൽ കോൺഗ്രസ് 1,100 സീറ്റുകൾ നേടിയത് ഇതിന്റെ ഭാഗമാണ്. സി.പി.എം ഇവിടെ 600 സീറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.