ബംഗാളിൽ തൃണമൂൽ-സി.പി.എം സംഘർഷം, കൊല; സ്ഥലം സന്ദർശിക്കാനെത്തിയ സി.പി.എം നേതാക്കളെ തടഞ്ഞ് പൊലീസ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വീടുകൾ സന്ദർശിക്കാനെത്തിയ സി.പി.എം നേതാക്കളെ തടഞ്ഞതിനെ തുടർന്ന് നേതാക്കളും പൊലീസുമായി ഉരസൽ. മുൻ എം.പിമാരായ സുജൻ ചക്രവർത്തി, സമിക് ലാഹിരി തുടങ്ങിയവരാണ് പ്രവർത്തകരോടൊപ്പമെത്തിയത്. ഇവിടെ കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചിരുന്നു. തുടർന്ന് ദോഗചിയ ഗ്രാമത്തിലെ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടു. ചില വീടുകൾ കൊള്ളയടിക്കുകയും ചെയ്തു.
ഭരണപരമായ കാരണങ്ങളാൽ പുറത്തു നിന്നുള്ളവരെ കടത്തിവിടാനാവില്ലെന്ന് സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെയാണ് സി.പി.എം നേതാക്കൾ എതിർപ്പ് അറിയിച്ചത്. പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്ന് അവർ ആരോപിച്ചു. സി.പി.എം പ്രവർത്തകരായതിനാലാണ് തങ്ങളുടെ വീടുകൾ ആക്രമിച്ചതെന്ന് ഗ്രാമവാസികൾ പറഞ്ഞു. വീടുകളിലേക്ക് തങ്ങൾ മടങ്ങുന്നത് പൊലീസ് തടഞ്ഞുവെന്നും അവർ പറഞ്ഞു.
കൊല്ലപ്പെട്ട സെയ്ഫുദ്ദീൻ ലസ്കർ തൃണമൂൽ മേഖല പ്രസിഡന്റ് ആയിരുന്നു. സി.പി.എമ്മാണ് കൊലക്ക് പിന്നിലെന്ന് തൃണമൂൽ ആരോപിച്ചു. എന്നാൽ, തൃണമൂലിനുള്ളിലെ പടലപ്പിണക്കങ്ങളാണ് കൊലയിൽ കലാശിച്ചതെന്നാണ് സി.പി.എം വാദം. അടുത്ത മണ്ഡലമായ ഭാൻഗോറിലെ ഐ.എസ്.എഫ് എം.എൽ.എ നൗഷാദ് സിദ്ദീഖിയെയും പൊലീസ് തടഞ്ഞു. സെയ്ഫുദ്ദീൻ ലസ്കറിന്റെ കൊലയാളികളെന്ന് സംശയിക്കുന്നവരിൽ ഒരാളെ പിന്നീട് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. മറ്റൊരാളെ അറസ്റ്റു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.