ബംഗാളിൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ച് തൃണമൂൽ; പൊരുതാൻ പോലുമാകാതെ ബി.ജെ.പി
text_fieldsകൊൽക്കത്ത: കഴിഞ്ഞ തവണത്തെ വിജയം ആവർത്തിച്ച്, പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് (ടി.എം.സി) തകർപ്പൻ മുന്നേറ്റം. 27,985 ഗ്രാമപഞ്ചായത്ത് സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ 18,606 സീറ്റുകളിൽ പാർട്ടി ജയിച്ചു. 8,180 ഇടത്ത് മുന്നിലാണ്. തൊട്ടടുത്ത എതിരാളിയായ ബി.ജെ.പി 4,482 സീറ്റുകളിൽ ജയിച്ചു. 2,419 ഇടത്ത് ലീഡ് ചെയ്യുന്നു. സി.പി.എം 1,424 സീറ്റുകളിൽ ജയിച്ചു. ഇടതുപാർട്ടികൾ ആകെ 1,502 സീറ്റിലാണ് ഒടുവിൽ വിവരം കിട്ടുമ്പോൾ ജയിച്ചത്. 969 സീറ്റുകളിൽ മുന്നേറുന്നുണ്ട്. കോൺഗ്രസ് 1,073 സീറ്റുകളിൽ ജയിച്ചപ്പോൾ 693 ഇടത്ത് മുന്നിട്ട് നിൽക്കുന്നു. അബ്ബാസ് സിദ്ദീഖി രൂപവത്കരിച്ച ഐ.എസ്.എഫ് (ഇന്ത്യൻ സെക്കുലർ ഫ്രണ്ട്) 937 സീറ്റുകൾ നേടി. 190 സീറ്റുകളിൽ മുന്നിലാണ്. തൃണമൂൽ റെബലുകളടക്കമുള്ള സ്വതന്ത്രർ 418 സീറ്റുകളിലും ജയിച്ചുകയറി. 18 ജില്ല പരിഷത്ത് സീറ്റുകളിലും ടി.എം.സി ജയിച്ചു.
9730 സീറ്റുള്ള പഞ്ചായത്ത് സമിതിയിൽ 134 സീറ്റുകളിൽ തൃണമൂലും എട്ടിടത്ത് ബി.ജെ.പിയും ആറിടത്ത് സി.പി.എമ്മും ലീഡ് ചെയ്യുന്നു. 928 ജില്ലാ പരിഷത്ത് സീറ്റുകളിൽ 22 ഇടത്ത് തൃണമൂലും ഒരു സീറ്റിൽ സി.പി.എമ്മും ലീഡ് ചെയ്യുന്നു.
അധ്യാപക നിയമന അഴിമതിയുമായി ഏറെ പ്രതിരോധത്തിലായ മമത ബാനർജി ഭരണകൂടത്തിന് തെരഞ്ഞെടുപ്പിൽ വലിയവെല്ലുവിളിയായി ഉയർത്താമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്കെതിരെ വീണ്ടും മമതയുടെ രാഷ്ട്രീയ വിജയം തന്നെ പശ്ചിമബംഗാളിൽ പ്രകടമാകുന്നത്.
2018ൽ 38,118 ഗ്രാമ പഞ്ചായത്ത് സീറ്റുകൾ സ്വന്തമാക്കിയ തൃണമൂൽ കോൺഗ്രസ് അതേ മുന്നേറ്റം തന്നെയാണ് പ്രകടിപ്പിക്കുന്നത്. ബി.ജെ.പിക്ക് 5779 സീറ്റുകളാണ് കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. പഞ്ചായത്ത് സമിതിൽ 9728 സീറ്റിൽ 8062 ഉം സ്വന്തമാക്കിയത് തൃണമൂലായിരുന്നു. 769 സീറ്റാണ് അന്ന് ബി.ജെപിക്ക് ലഭിച്ചത്. 929 സീറ്റുള്ള ജില്ലാ പരിഷത്തിലും 792 സീറ്റോടെ വ്യക്തമായ ആധിപത്യം തൃണമൂൽ കോൺഗ്രസിനുണ്ടായിരുന്നു.
ബംഗാളിലെ ത്രിതല പഞ്ചായത്തിലെ 73,887 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2.06 ലക്ഷം സ്ഥാനാർഥികളാണ് മത്സരിച്ചത്. 5.67 കോടി വോട്ടർമാരിൽ 66.28 ശതമാനമായിരുന്നു പോളിങ്.ജൂലൈ എട്ടിന് നടന്ന വോട്ടെടുപ്പിൽ വ്യാപക അക്രമസംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് 696 ബൂത്തുകളിൽ റീപോളിംഗും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.