ഇന്ത്യയിലെ മുസ്‌ലിംകൾ ന്യൂനപക്ഷമായി കാണുന്നില്ല; ഒരു ദിവസം ഭൂരിപക്ഷത്തേക്കാൾ വലുതാകും -കൊൽക്കത്ത മേയർ
text_fieldsകൊൽക്കത്ത: ഇന്ത്യയിലെ മുസ്‌ലിംകൾ ന്യൂനപക്ഷമായി കാണുന്നില്ലെന്നും ഒരു ദിവസം ഭൂരിപക്ഷത്തേക്കാൾ വലുതാകുമെന്ന് പ്രതീക്ഷിക്കുന്നതായും തൃണമൂൽ കോൺഗ്രസ് നേതാവും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീം. മുസ് ലിംകൾ അവരുടെ ശബ്ദം കേൾപിക്കുന്ന തരത്തിൽ സ്വയം ശാക്തീകരിക്കണം. അതിലൂടെ നീതിക്കും വികസനത്തിനുമുള്ള അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്നും മേയർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഫിർഹാദ് ഹക്കീം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
'പശ്ചിമ ബംഗാളിൽ നമ്മൾ (മുസ് ലിംകൾ) 33 ശതമാനവും രാജ്യത്ത് 17 ശതമാനവുമാണ്. നമ്മളെ ന്യൂനപക്ഷം എന്ന് വിളിക്കുന്നു. എന്നാൽ, നമ്മൾ നമ്മളെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നില്ല. അല്ലാഹുവിന്‍റെ കാരുണ്യം നമ്മോടൊപ്പമുണ്ടാവുകയും കൽപനകൾ അംഗീകരിക്കുകയും ചെയ്താൽ ഒരു ദിവസം നമ്മൾ ഭൂരിപക്ഷത്തേക്കാൾ വലുതാകും' -ഫിർഹാദ് ഹക്കീം പറഞ്ഞു.
'സമുദായത്തിന് പ്രാതിനിധ്യം കുറവാണെന്ന് അവകാശപ്പെടുന്ന ജുഡീഷ്യറിയിൽ കൂടുതൽ മുസ് ലിംകൾ ഉണ്ടാകേണ്ടത് അടിയന്തര ആവശ്യമാണ്. ഈ വിടവ് നികത്താൻ മുസ് ലിം സമുദായാംഗങ്ങൾ കഠിനമായി പരിശ്രമിക്കണം.
നീതിക്ക് വേണ്ടി മെഴുകുതിരി റാലികൾ നടത്തേണ്ട ആവശ്യമില്ലാത്തവിധം നമുക്ക് ശക്തിപ്പെടാം. നമ്മുടെ ശബ്ദം സ്വയം കേൾക്കുകയും നീതിക്ക് വേണ്ടിയുള്ള ആഹ്വാനങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്ന ഒരു സ്ഥാനത്തായിരിക്കും നമ്മൾ. നിങ്ങൾക്ക് സ്വയം നീതി നൽകാൻ കഴിയുന്ന സ്ഥലത്തേക്ക് നിങ്ങളുടെ പദവിയും സ്ഥാനവും എത്തിക്കുക.
രാജ്യ പുരോഗതി സുഗമമാക്കുന്നതിന് ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾ മറ്റ് സമുദായങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു.'-ഫിർഹാദ് ഹക്കീം പറഞ്ഞു.
അതേസമയം, കൊൽക്കത്ത മേയറുടെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ സുകന്ത മജുംദാർ രംഗത്തെത്തി. ഫിർഹാദ് ഹക്കീമിന്‍റെയും തൃണമൂൽ നേതാക്കളുടെയും ചിന്താഗതിയാണിതെന്ന് സുകന്ത മജുംദാർ കുറ്റപ്പെടുത്തി.
നീതി കൈപിടിയിലെടുത്താൻ മേയർ ആഗ്രഹിക്കുന്നു. മതത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു പ്രദേശം കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്ന മതനേതാക്കളുടെ മനസാണിത്. ബംഗാളിനെ മറ്റൊരു ബംഗ്ലാദേശാക്കി മാറ്റാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും മജുംദാർ ആരോപിച്ചു.
അതേസമയം, കൊൽക്കത്ത മേയറെ പിന്തുണച്ച തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്, അദ്ദേഹത്തിന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് വ്യക്തമാക്കി. ന്യൂനപക്ഷ സമുദായാംഗങ്ങളുടെ ഉന്നമനമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. അതിലൂടെ അവർക്ക് മുഖ്യധാരാ സമൂഹത്തിന്‍റെ ഭാഗമാകാനും രാഷ്ട്രനിർമാണത്തിൽ സംഭാവന നൽകാനും കഴിയും.
ലിബറൽ മൂല്യങ്ങൾക്ക് പേരുകേട്ടയാളാണ് ഹക്കീം. വിവിധ മതങ്ങളുടെ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുന്ന അദ്ദേഹം, സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ഘോഷ് ചൂണ്ടിക്കാട്ടി.
കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ (കെ.എം.സി) തെരഞ്ഞെടുപ്പിൽ വാർഡ് 82ൽ നിന്ന് വിജയിച്ച ഫിർഹാദ്, മുൻ മേയറും നിലവിൽ ഗതാഗത, ഭവന വകുപ്പ് മന്ത്രി കൂടിയാണ്. മുൻ ഭരണസമിതിയുടെ കാലാവധി 2020ൽ അവസാനിച്ചെങ്കിലും കോവിഡ് കാരണം തെരഞ്ഞെടുപ്പ് നടത്താനായിരുന്നില്ല. ഇക്കാലയളവിൽ ഹക്കീമിനായിരുന്നു അഡ്മിനിസ്ട്രേറ്റിവ് ഭരണം കൈമാറിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.