രാഷ്ട്രപതിയെ കണ്ട പ്രതിപക്ഷ സംഘത്തിൽ തൃണമൂൽ ഇല്ല; അതൃപ്തി
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയിൽ കോൺഗ്രസിനും ഇടതുപാർട്ടികൾക്കും മേൽകൈയുള്ള രാഷ്ട്രപതി ഭവൻ യാത്രയിൽ പ്രധാന പ്രതിപക്ഷ പാർട്ടികളിലൊന്നായ തൃണമൂൽ കോൺഗ്രസ് ഉണ്ടായില്ല. കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ എന്നിവർ രാഷ്ട്രപതിയെ കണ്ടത്.
അഞ്ചുപേർക്കു മാത്രം രാഷ്ട്രപതി ഭവൻ കൂടിക്കാഴ്ചക്ക് അനുമതി നൽകിയത് അതിനൊരു കാരണവുമായി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയുമായാണ് ഇത്തവണ നേർക്കുനേർ മത്സരമെങ്കിലും സി.പി.എമ്മും കോൺഗ്രസും വേറൊരു ചേരിയായി ഒന്നിച്ചുനിന്നു മത്സരിക്കുകയാണ്. ഇതിനിടയിൽ നേതൃമുഖങ്ങൾ ഒന്നിച്ചുവരുന്നതിനോട് സി.പി.എമ്മിന് യോജിപ്പില്ല. സീതാറാം യെച്ചൂരി മുൻകൈയെടുത്താണ് സംഘാംഗങ്ങളെ നിശ്ചയിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. മറ്റൊരു സംഘമായി പോകുന്നതിനെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ആലോചിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.
രാഷ്ട്രപതി ഭവനിലേക്കുള്ള സംഘത്തിൽ ഇല്ലെന്നു കരുതി, കർഷകരോടുള്ള പ്രതിബദ്ധതക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്ന് തൃണമൂൽ നേതാക്കൾ വിശദീകരിച്ചു.
കർഷകരുടെ താൽപര്യങ്ങൾക്കുവേണ്ടി മമത എന്നും മുന്നിൽനിന്നു പോരാടിയിട്ടുണ്ടെന്നും യെച്ചൂരിയുടെ കളിയാണ് നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.