മമത ബാനർജിക്കെതിരായ പരാമർശം; സുവേന്ദു അധികാരിക്കെതിരെ നടപടിയെടുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വനിതാ വിഭാഗം
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അപമാനകരമായ വാക്കുകൾ ഉപയോഗിച്ച ബി.ജെ.പി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസിന്‍റെ വനിതാ വിഭാഗം ദേശീയ വനിത കമീഷന് (എൻ.സി.ഡബ്ല്യു) കത്തയച്ചു.
മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബി.ജെ.പി നേതാവ് വീണ്ടും വീണ്ടും അപകീർത്തികരമായ വാക്കുകളും വൃത്തികെട്ട പരാമർശങ്ങളും ഉപയോഗിച്ചുവെന്ന് സംസ്ഥാന മന്ത്രിയും തൃണമൂൽ മഹിളാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷയുമായ ചന്ദ്രിമ ഭട്ടാചാര്യ കമീഷന് നൽകിയ പരാതിയിൽ ആരോപിച്ചു.
രാജ്യത്തെ ഏക വനിത മുഖ്യമന്ത്രിയായ മമത ബാനർജിക്കെതിരെയുള്ള സുവേന്ദു അധികാരിയുടെ ഇത്തരം വാക്കുകൾ അവരെ അപകീർത്തിപ്പെടുത്തുക മാത്രമല്ല സ്ത്രീകളോട് വലിയ അനാദരവ് ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് പരാതിയിൽ പറയുന്നു.
അത്തരം പെരുമാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും സുവേന്ദു അധികാരിക്കെതിരെ എൻ.സി.ഡബ്ല്യു നടപടികൾ എടുത്തിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. സുവേന്ദു അധികാരിക്കെതിരെ ഉടനടി നടപടിയെടുക്കാനും സ്ത്രീകളുടെ മഹത്വവും അന്തസ്സും ഉയർത്തിപ്പിടിക്കാൻ ആവശ്യമായതെല്ലാം ചെയ്യാനും ചന്ദ്രിമ ഭട്ടാചാര്യ വനിത കമീഷനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.