ഗോവ തെരഞ്ഞെടുപ്പ്; തൃണമൂൽ ചെലവഴിച്ചത് 47 കോടി, ബി.ജെ.പി 17.75കോടി
text_fieldsന്യൂഡൽഹി: ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് തൃണമൂൽ കോൺഗ്രസാണെന്ന് റിപ്പോർട്ടുകൾ. ഈയിടെയാണ് തെരഞ്ഞെടുപ്പ് ചെലവിന്‍റെ വിശദാംശങ്ങൾ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്. 47.54 കോടി രൂപയാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചെലവഴിച്ചത്.
അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലെത്തിയ ബി.ജെ.പി ചെലവഴിച്ചത് 17.75 കോടി രൂപയാണ്. തുടർച്ചയായ രണ്ടാം തവണയും ഭാഗ്യം പരീക്ഷിച്ച എ.എ.പി 3.5കോടി രൂപയാണ് ചെലവഴിച്ചത്. കോൺഗ്രസാവട്ടെ ഏകദേശം 12കോടിയോളം രൂപയും ചെലവഴിച്ചു. 92 ലക്ഷം രൂപയാണ് ശിവസേനയുടെ തെരഞ്ഞെടുപ്പ് ചെലവ്. തെരഞ്ഞെടുപ്പിനായി ഏറ്റവും കുറവ് തുക ചെലവഴിച്ചത് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയാണ്.
തെരഞ്ഞെടുപ്പിൽ 40ൽ 20 സീറ്റുകളിലും ബി.ജെ.പി വിജയം നേടിയപ്പോൾ തൃണമൂലിന്‍റെ 23 സ്ഥാനാർഥികളും പരാജയപ്പെട്ടു. രണ്ട് സീറ്റുകളിൽ എ.എ.പി വിജയം നേടി. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടേയും രണ്ട് സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസിന് 11 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ.
തൃണമൂൽ ബി.ജെ.പി വിരുദ്ധവോട്ടുകൾ ഭിന്നിപ്പിച്ചു എന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ഗോവയില്‍ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് എന്നിവരുൾപ്പടെ എട്ട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് സെപ്റ്റംബർ 14ന് കൂറുമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.