സ്പീക്കർ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് തൃണമൂലിന്റെ പിന്തുണ
text_fieldsന്യൂഡൽഹി: ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെ പിന്തുണക്കുമെന്ന് തൃണമൂൽ കോൺഗ്രസ്. കൊടിക്കുന്നലിനെ നിർത്താനുള്ള തീരുമാനം കോൺഗ്രസ് ഏകപക്ഷിയമായി സ്വീകരിച്ചതാണെന്നും പാർട്ടിയെ അറിയിച്ചില്ലെന്നും കഴിഞ്ഞ ദിവസം തൃണമൂൽ പറഞ്ഞിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസുമായി തൃണമൂൽ സമവായത്തിലെത്തിയതായാണ് വിവരം. എൻ.ഡി.എ സ്ഥാനാർഥി ഓം ബിർളക്ക് എതിരെയാണ് കൊടിക്കുന്നിൽ മത്സരിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുകയെന്ന കീഴ്വഴക്കം അംഗീകരിക്കാൻ തയാറായാൽ സ്പീക്കറുടെ കാര്യത്തിൽ സമവായമാകാമെന്ന നിലപാടാണ് ഇൻഡ്യ സഖ്യം സ്വീകരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാൻ സർക്കാർ തയാറായില്ല. ഇതോടെയാണ് അവസാന നിമിഷം സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ നിർത്താൻ ഇൻഡ്യ സഖ്യം തയാറായത്. 542 അംഗ സഭയിൽ 271 വോട്ടാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടത്.
സഭയിലെ സംഖ്യകളുടെ കളിയിൽ തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് കാണിക്കാൻ പ്രതിപക്ഷത്തിന് ലഭിക്കുന്ന അവസരമാകും സ്പീക്കർ തെരഞ്ഞെടുപ്പ്. ഒപ്പം, ജനാധിപത്യ മര്യാദകൾ പാലിക്കാത്ത ഭരണപക്ഷത്തിന്റെ നിലപാടുകളിൽ തങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന സന്ദേശവും നൽകാനാവും. 1998ന് ശേഷം ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാർഥികൾ രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.