മൂന്നാം തവണയും കോവിഡ് പോസിറ്റീവായി ബബൂൽ സുപ്രിയോ; കോക്ടെയിൽ കുത്തിവെയ്പ്പ് വില കുറക്കണമെന്ന്
text_fieldsകൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും ത്രിണമൂൽ കോൺഗ്രസ് നേതാവുമായ ബബൂൽ സുപ്രിയോക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മൂന്നാം തവണയാണ് സുപ്രിയോക്ക് രോഗം സ്ഥിരീകരിക്കുന്നത്. സുപ്രിയോക്ക് പുറമെ ഭാര്യക്കും പിതാവിനും സ്റ്റാഫ് അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വിലകൂടിയ ഗുരുതര രോഗമുള്ളവർക്ക് നൽകുന്ന കോവിഡ് കോക്ടെയ്ൽ ഡോസിന്‍റെ ഉയർന്ന വിലയെക്കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചു. 84കാരനായ പിതാവിന് വേണ്ടി കോക്ടെയ്ൽ മരുന്ന് വാങ്ങിയിരുന്നു. ഗുരുതര രോഗമുള്ള സാധാരണക്കാർക്ക് ഉയർന്ന വില കാരണം ഈ മരുന്ന് എങ്ങനെ വാങ്ങാൻ സാധിക്കുമെന്ന് ബബുൽ സുപ്രിയോ ചോദിച്ചു.
'ഞാനും പിതാവും സ്റ്റാഫ് അംഗങ്ങളും കോവിഡ് പോസിറ്റീവായി. എന്നാൽ എന്‍റെ ആശങ്ക ഗുരുതര അസുഖമുള്ള രോഗികൾക്ക് നൽകുന്ന കോക്ടെയ്ൽ കുത്തിവെപ്പിന്‍റെ വില 61000 രൂപയാണ്. പിതാവിന് 84 വയസായി. കുത്തിവെപ്പ് ആവശ്യമായി വന്നു. പറഞ്ഞപ്പോൾ തന്നെ വാങ്ങാനും കഴിഞ്ഞു. സാധാരണക്കാർക്ക് ഈ വില എങ്ങനെ താങ്ങാൻ കഴിയും' -അദ്ദേഹം ട്വീറ്റ് ചെയ്തു. രണ്ട് വാക്സിൻ സ്വീകരിച്ചവർക്കും പുതുതായി രോഗം സ്ഥിരീകരിക്കുന്നുണ്ട്. അതിനാൽ സർക്കാർ ആശുപത്രികളിൽ അടിയന്തരമായി ഈ കുത്തിവെപ്പ് സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2020 നവംബറിലാണ് സുപ്രിയോക്ക് ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നത്. അദ്ദേഹത്തിന്‍റെ മാതാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മരിക്കുകയും ചെയ്തു. 2021 ഏപ്രിലിലാണ് അദ്ദേഹത്തിന് വീണ്ടും രോഗം ബാധിക്കുന്നത്. രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം ആഞ്ഞടിച്ച സമയമായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.