ആളുകളെ നഗ്നരായി കാണുന്ന ‘മാന്ത്രിക കണ്ണാടി’: വാങ്ങാനെത്തിയ 72 കാരന്റെ ഒമ്പത് ലക്ഷം തട്ടി, മൂന്ന് പേർ അറസ്റ്റിൽ
text_fieldsഭുവനേശ്വർ: ആളുകളെ നഗ്നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 72 കാരന്റെ പക്കൽനിന്ന് ഒമ്പതുലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സന്ത്രഗച്ചിയിലെ പാർത്ഥ സിംഗ് റേ (46), നോർത്ത് 24 പർഗാനാസിലെ മൊലയ സർക്കാർ (32), കൊൽക്കത്ത സ്വദേശി സുദീപ്ത സിൻഹ റോയ് (38) എന്നിവരെയാണ് നയപള്ളി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. അവിനാഷ് കുമാർ ശുക്ലയെന്ന കാൺപൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്.
കാൺപൂരിലെ തന്റെ സുഹൃത്ത് വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് പരാതിക്കാരനായ അവിനാഷ് കുമാർ ശുക്ല പറഞ്ഞു. രണ്ട് കോടി രൂപ മൂല്യമുള്ള മാന്ത്രിക കണ്ണാടി നൽകാമെന്ന് വാഗ്ദാനം ചെയ്താണ്, സിംഗപ്പൂരിലെ പുരാവസ്തു വിൽപന കേന്ദ്രത്തിലെ ജീവനക്കാരനെന്ന വ്യാജേന പ്രതികൾ സമീപിച്ചത്. കണ്ണാടിയുടെ വിഡിയോ സഹിതമാണ് ഇവർ എത്തിയത്. അമേരിക്കയിലെ നാസയിൽ അടക്കം ഈ കണ്ണാടി ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തികളുടെ ഭാവി പ്രവചിക്കാൻ ഇതിന് കഴിവുണ്ടെന്നും സംഘം അവകാശപ്പെട്ടിരുന്നു. വിശ്വാസം സൃഷ്ടിക്കാൻ സിംഗപ്പൂർ കമ്പനിയിൽ നിന്ന് ‘മാന്ത്രിക കണ്ണാടി’ ഉൾപ്പെടെ നിരവധി പുരാവസ്തുക്കൾ വാങ്ങിയവരെന്ന വ്യാജേന ചിലരെയും ഇവർ പരിചയപ്പെടുത്തി.
കണ്ണാടി വാങ്ങാൻ ശുക്ലയെ ഭുവനേശ്വറിലേക്ക് വിളിച്ചുവരുത്തി ജയദേവ് വിഹാറിനടുത്തുള്ള ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. പ്രതികൾക്ക് ശുക്ല ഇതിനകം 9 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ, ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയും തട്ടിപ്പുകാരാണെന്ന് മനസ്സിലാക്കുകയുമായിരുന്നു. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘം വഴങ്ങിയില്ല. ഒടുവിൽ നയപള്ളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
സിംഗപ്പൂരിൽനിന്ന് കണ്ണാടി വാങ്ങിയവരായി പരിചയപ്പെടുത്തിയവരും വിൽക്കുന്നവരായി വന്നവരും തട്ടിപ്പ് സംഘത്തിൽപെട്ടവർ തന്നെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി നയാപള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിശ്വരഞ്ജൻ സാഹു പറഞ്ഞു. പ്രതികളിൽ നിന്ന് കാറും 28,000 രൂപയും മാന്ത്രിക കണ്ണാടിയുടെ വീഡിയോകളുള്ള അഞ്ച് മൊബൈൽ ഫോണുകളും ചില ഏതാനും രേഖകളും പൊലീസ് പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.