മുത്തലാഖ്: കോൺഗ്രസിന് ന്യായമായ നിർദേശങ്ങൾ ഉണ്ടെങ്കിൽ പരിഗണിക്കാമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ശീതകാലസമ്മേളനത്തിൽ രാജ്യസഭയിൽ മുത്തലാഖ് ബിൽ പാസാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സമവായത്തിന് കേന്ദ്രസർക്കാർ നീക്കം. വിഷയത്തിൽ കോൺഗ്രസിന് ചെവികൊടുക്കാൻ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചു.
കോൺഗ്രസോ മറ്റേതെങ്കിലും കക്ഷികളോ ക്രിയാത്മകവും ന്യായവുമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചാൽ പരിഗണിക്കുമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. എന്നാൽ, ബില്ലിെൻറ ആത്മാവ് ചോർത്തുന്ന നിർദേശങ്ങളാകരുത് ഇവയെന്നും വോട്ട്ബാങ്ക്രാഷ്ട്രീയം കളിക്കാതെ ചരിത്രപരമായ മാറ്റത്തിന് അവസരമൊരുക്കുകയാണ് കോൺഗ്രസ് പാർലമെൻററി നേതാവ് സോണിയ ഗാന്ധി ചെയ്യേണ്ടതെന്നും അദ്ദേഹം ‘ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു.
‘‘ഷാ ബാനുവിൽനിന്ന് ഷായറ ബാനുവിലേക്ക് എത്തുന്നതിനിടെ വെള്ളം ഏറെ ഒഴുകിയിട്ടുണ്ട്. 1986ൽ ചെയ്ത കളങ്കത്തിന് പശ്ചാത്തപിക്കാനുള്ള അവസരമാണിത്. അന്ന് ഷാ ബാനുവിന് തുച്ഛമായ 125 രൂപ സുപ്രീംകോടതി ജീവനാംശം വിധിച്ചത് പോലും ലോക്സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് രാജീവ് ഗാന്ധിയുടെ കോൺഗ്രസ് സർക്കാർ തള്ളിക്കളയുകയാണ് ചെയ്തത്’’- മന്ത്രി പറഞ്ഞു. മുത്തലാഖ് ഇരകൾക്കായി പ്രത്യേക ഫണ്ടിന് രൂപം നൽകണമെന്ന കോൺഗ്രസ് നിർദേശം അംഗീകരിക്കാനാവില്ല. ഭർത്താവ് തോന്നുംപടി മുത്തലാഖ് ചൊല്ലിയ സ്ത്രീ സർക്കാറിെൻറ ഒൗദാര്യത്തിന് വരിനിൽക്കേണ്ടിവരുന്ന സാഹചര്യമാകും ഇതുണ്ടാക്കുക. ഒരു മതവിഭാഗത്തിലെ വിവാഹമോചിതർക്കുമാത്രം സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തുന്നതും ശരിയല്ല -രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
ലോക്സഭ ഒറ്റയിരിപ്പിൽ പാസാക്കുകയും രാജ്യസഭയിൽ വഴിമുട്ടുകയും ചെയ്ത നിർദിഷ്ട ബിൽ മുത്തലാഖ് ജാമ്യമില്ലാകുറ്റമായി പ്രഖ്യാപിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവും പിഴയുമാണ് ശിപാർശ ചെയ്യുന്നത്.
ബില്ലിനെ ലോക്സഭയിൽ പിന്തുണച്ച കോൺഗ്രസ് രാജ്യസഭയിൽ, മുത്തലാഖ് ക്രിമിനൽ കുറ്റമായി കാണുന്നത് അംഗീകരിക്കാനാവില്ലെന്നും കൂടുതൽ ചർച്ചകൾക്ക് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തുനിന്ന് ശക്തമായ എതിർപ്പുണ്ടായതോടെയാണ് തിരക്കിട്ട് പാസാക്കാനുള്ള കേന്ദ്രനീക്കം പൊളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.