മുത്തലാഖിനും സ്ത്രീധനത്തിനുമെതിരെ വ്യക്തിനിയമ ബോർഡ് രാജ്യവ്യാപക പ്രചാരണത്തിന്
text_fieldsലഖ്നോ: സ്ത്രീധനവും മുത്തലാഖും പൂർണമായി ഇല്ലാതാക്കാൻ രാജ്യത്ത് ശക്തമായ കാമ്പയിനുമായി അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. മദ്റസകൾ മുഖേനയും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇൗ വിഷയങ്ങളിൽ സമുദായത്തെ ബോധവത്കരിക്കാനുള്ള കാമ്പയിനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ ബോർഡ് ബോധവത്കരണം നടത്തിവരുന്നുണ്ടെങ്കിലും മുത്തലാഖ് ബില്ലിെൻറ പശ്ചാത്തലത്തിലാണ് ചിട്ടയായ കാമ്പയിൻ ആസൂത്രണം ചെയ്യുന്നത്.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ പാർലമെൻറിൽ പാസാക്കാൻ കേന്ദ്രസർക്കാർ ഉൗർജിതശ്രമം നടത്തുന്ന സാഹചര്യത്തിൽ നിക്കാഹ് നാമ യിൽ(മുസ്ലിം വിവാഹകരാർ) ഭേദഗതി വരുത്തും. നിക്കാഹ് സമയത്ത് നൽകുന്ന ഫോറത്തിൽ ‘ഞാൻ മുത്തലാഖ് ചൊല്ലില്ല’ എന്ന പ്രസ്താവന കൂടി ചേർക്കും. ഇതുസംബന്ധിച്ച അന്തിമതീരുമാനം ഫെബ്രുവരി ഒമ്പത്, 10 തീയതികളിൽ ഹൈദരാബാദിൽ നടക്കുന്ന വാർഷിക ജനറൽബോഡി യോഗത്തിലുണ്ടാകുമെന്ന് ബോർഡ് വക്താവ് മൗലാന ഖലീലുറഹ്മാൻ സജ്ജാദ് നുഅ്മാനി പറഞ്ഞു. ബാബരി മസ്ജിദ് ഉൾപ്പെടെയുള്ള വിഷയങ്ങളും അജണ്ടയിലുണ്ട്.
വ്യക്തിനിയമ ബോർഡ് മുത്തലാഖിന് എതിരാണെങ്കിലും ഇത് ക്രിമിനൽ കുറ്റമാക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളുമായി നിയമം കൊണ്ടുവരുന്ന കേന്ദ്രസർക്കാർ നടപടി മുസ്ലിം വ്യക്തിനിയമത്തിന്മേലുള്ള കടന്നാക്രമണമാണെന്ന് നുഅ്മാനി ചൂണ്ടിക്കാട്ടി.
‘‘മുത്തലാഖിനെ ഞങ്ങൾ എതിർക്കുന്നു. പക്ഷേ, ചില അനിവാര്യസാഹചര്യങ്ങളിൽ ഇത് വേണ്ടിവരും. മിക്ക കേസുകളിലും ഉടൻ വിവാഹമോചനം ലഭിക്കാൻ സ്ത്രീകൾ മുത്തലാഖ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, എല്ലാ കേസുകളിലും മുസ്ലിം പുരുഷന്മാർ മുത്തലാഖ് ചൊല്ലുകയാണെന്നാണ് ഇതര സമുദായങ്ങളിലുള്ളവരുടെ തെറ്റിദ്ധാരണ. മുത്തലാഖിൽനിന്ന് വിട്ടുനിൽക്കാൻ ശക്തമായ ബോധവത്കരണം നടത്തും. വിവാഹമോചനസാഹചര്യമുണ്ടാവുകയാണെങ്കിൽ പണ്ഡിതനെ കണ്ട് ഉപദേശങ്ങൾ തേടുകയും കൗൺസലിങ്ങിലൂടെ പ്രശ്നം പരിഹരിക്കുകയും വേണം’’-നുഅ്മാനി പറഞ്ഞു.
കാമ്പയിനിെൻറ ഭാഗമായി സ്ത്രീധനത്തിനും മുത്തലാഖിനും എതിരായ സന്ദേശം രാജ്യത്തെ എല്ലാ പള്ളികളിലും മദ്റസകളിലുമെത്തിക്കും. ഗ്രാമീണ മേഖലകളിൽ പ്രത്യേക ശ്രദ്ധയൂന്നിയായിരിക്കും പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.