ത്രിപുര തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം -മണിക് സർക്കാർ
text_fieldsന്യൂഡൽഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും വോട്ടെടുപ്പ് പ്രഹസനമായി മാറിയെന്നും മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക് സർക്കാർ. ‘ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു. 60 ശതമാനം വോട്ടർമാരും ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെന്നതാണ് യാഥാർഥ്യം.
അവരെ വീണ്ടും അധികാരത്തിലെത്തിക്കാൻ സഹായിച്ചത് ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ഇത് വളരെ വ്യക്തമാണ്, പക്ഷേ ഒരു പാർട്ടിയുടെയും പേര് പരാമർശിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല’ -അദ്ദേഹം പറഞ്ഞു.
‘സർക്കാറിന്റെ പ്രകടനം പൂജ്യമായിരുന്നു. ജനാധിപത്യം ആക്രമിക്കപ്പെട്ടു. വോട്ട് ചെയ്യാനുള്ള അവകാശം പോലും കവര്‍ന്നെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് തന്നെ പ്രഹസനമായി മാറി. മസിൽ പവറും മണി പവറും വലിയ വിഭാഗം മാധ്യമങ്ങളും ബി.ജെ.പിക്കൊപ്പമാണ്. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകളെ തെറ്റായ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു.
എണ്ണം കൊണ്ട് മാത്രമാണ് ബി.ജെ.പി ഭൂരിപക്ഷം ഉറപ്പാക്കിയത്. ഇത് അവർക്ക് ഗുണകരമാവില്ല. സി.പി.എമ്മും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടായില്ല, സീറ്റ് ധാരണ മാത്രമാണുണ്ടായിരുന്നത്’ -മണിക് സർക്കാർ വ്യക്തമാക്കി.60ൽ 32 സീറ്റിൽ വിജയിച്ചാണ് ത്രിപുരയിൽ ബി.ജെ.പി തുടർഭരണം ഉറപ്പാക്കിയത്. ടിപ്ര മോത പാർട്ടിക്ക് 13 സീറ്റും സി.പി.എമ്മിന് 11 സീറ്റും കോൺഗ്രസിന് മൂന്നു സീറ്റും ഐ.പി.എഫ്.ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.