ത്രിപുര വർഗീയ ആക്രമണം: സർക്കാറിനോട് ഹൈകോടതി റിപ്പോർട്ട് തേടി
text_fieldsഗുവാഹത്തി: സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക് നേെര നടന്ന അതിക്രമങ്ങളെ കുറിച്ച് നവംബർ 10നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ത്രിപുര ഹൈകോടതി. വി.എച്ച്.പി നടത്തിയ ഹുങ്കാർ റാലിയോടനുബന്ധിച്ച് മുസ്ലിംകൾക്കെതിരെ വ്യാപക അക്രമം അരങ്ങേറുകയും സ്വത്ത് വകകൾ നശിപ്പിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.
കേസ് സ്വമേധയാ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയും ജസ്റ്റിസ് സുഭാഷിഷ് തലപത്രയും വിഷയത്തിൽ ഇതുവരെ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാൻ ത്രിപുര സർക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിൽ അതിനെതിരെ സ്വീകരിച്ച നടപടികളും വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു.
"തെറ്റായതോ കെട്ടിച്ചമച്ചതോ ആയ വാർത്തകളും ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വരുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം. അങ്ങനെ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങൾക്ക് സത്യം പ്രസിദ്ധീകരിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ, അസത്യവും വർഗീയ വികാരവും പ്രചരിപ്പിക്കാൻ അനുവദിക്കരുത്' - ഹൈകോടതി വ്യക്തമാക്കി.
ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പുറത്തുനിന്നുള്ള നിക്ഷിപ്ത താൽപ്പര്യക്കാരാണ് സംസ്ഥാനത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനും അശാന്തി ഉണ്ടാക്കാനും ഗൂഢാലോചന നടത്തുന്നതെന്ന് സർക്കാർ ആരോപിച്ചു. പള്ളി കത്തിച്ചുവെന്ന ചിത്രം വ്യാജമാെണന്നും ആരോപിച്ചു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
"പാനിസാഗറിൽ മുസ്ലിം പള്ളി കത്തിച്ച സംഭവമുണ്ടായിട്ടില്ല. ത്രിപുരയിൽ അശാന്തി സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും വികസനം തടസ്സപ്പെടുത്തുന്നതിനുമായി പുറത്തുനിന്നുള്ള നിക്ഷിപ്ത താൽപര്യക്കാരാണ് ഒക്ടോബർ 26ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത അപ്ലോഡ് ചെയ്തത്' -മന്ത്രി സുശാന്ത ചൗധരി പറഞ്ഞു.
അതേസമയം, ഒക്ടോബർ 17 മുതൽ തുടങ്ങിയ വർഗീയ ആക്രമണത്തിൽ മൗനം പാലിച്ച സർക്കാറും കോടതിയും ഒക്ടോബർ 26ലെ അക്രമത്തിൽ മാത്രമാണ് സ്വമേധയാ കേസെടുത്തത്. മുസ്ലിം സ്ഥാപനങ്ങൾക്കും വീടുകൾക്കും ആരാധനാലയങ്ങൾക്കും നേരെ ഒക്ടോബർ 17 മുതൽ ആക്രമണം തുടങ്ങിയെന്നും ഇക്കാര്യം 19, 20 തീയതികളിലായി അധികാരികളെയും പൊലീസിനെയും അറിയിച്ചിട്ടുണ്ടെന്നുമാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദിെൻറ ത്രിപുര നേതാക്കൾ പറഞ്ഞത്.
ത്രിപുരയിലെ വംശീയാക്രമണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം അലയടിച്ച ദിവസമാണ് ഹൈകോടതി സ്വമേധയാ കേസെടുത്ത് സർക്കാറിന് നോട്ടീസ് അയച്ചത്. ദേശീയ, പ്രാദേശിക പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുക്കുന്നതെന്നാണ് ത്രിപുര ഹൈകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. ഒരാഴ്ചേയാളം നീണ്ട അക്രമസംഭവങ്ങൾ അഞ്ചു ജില്ലകളിൽ നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും രണ്ടു ജില്ലകളെ മാത്രമേ സർക്കാറും കോടതിയും പരാമർശിച്ചിട്ടുള്ളൂ. വിഷയം ദേശീയതലത്തിൽ എത്തുേമ്പാഴേക്കും ത്രിപുരയുടെ വടക്കൻ മേഖലയിലെങ്ങും ആക്രമണം വ്യാപിച്ചിരുന്നു.
ഏകപക്ഷീയ ആക്രമണത്തിന് ഒരാഴ്ച മൗനാനുവാദം നൽകിയ പൊലീസ് 26ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ടതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്. അക്രമസംഭവങ്ങളുടെ ചിത്രങ്ങളും വിഡിയോകളും എന്ന പേരിൽ പ്രചരിക്കുന്ന പലതും മോർഫ് ചെയ്തതാണെന്നും അവ പ്രചരിപ്പിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും ഹൈകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബിപ്ലവ് േദവ് സർക്കാർ.
17 മുതൽ 26 വരെ ഡൽഹിയിൽനിന്ന് അഗർതലയിലെ കൺട്രോൾറൂമുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ പോലും ത്രിപുര പൊലീസ് തയാറായിരുന്നില്ല. പള്ളിക്കുനേരെ ആക്രമണം നടന്നുവെന്ന് വാർത്ത ഏജൻസിയോട് പറഞ്ഞ പൊലീസ് പിന്നീട് ഒരു പള്ളിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് മാറ്റിപ്പറഞ്ഞു. എന്നാൽ, പള്ളി ആക്രമിക്കപ്പെട്ടതായി പരാതിയുണ്ടെന്ന് ഹൈകോടതിയിൽ തിരുത്തിപ്പറഞ്ഞിരിക്കുകയാണ് അഡ്വക്കറ്റ് ജനറൽ. ഹൈകോടതി സ്വമേധയാ കേസെടുത്തപ്പോൾ ഒരാഴ്ചേയാളം നടന്ന ഏകപക്ഷീയ ആക്രമണങ്ങളെ കുറിച്ച് കൃത്യമായ വിവരം നൽകാതെ അവസാന ദിവസത്തെ സംഭവങ്ങളിലേക്ക് മാത്രം കോടതിയുടെ ശ്രദ്ധ തിരിക്കാനും സർക്കാർ അഭിഭാഷകൻ പ്രത്യേകം ശ്രദ്ധിച്ചു.
സംസ്ഥാന സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സമർപ്പിച്ച കുറിപ്പിൽ പറയുന്നതിങ്ങനെ: ''ബംഗ്ലാദേശിൽ ദുർഗാപൂജ പന്തലുകൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കുമെതിരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ 26ന് വടക്കൻ ത്രിപുര ജില്ലയിലെ പാനിസാഗർ സബ്ഡിവിഷനിൽ വിശ്വഹിന്ദു പരിഷത്ത് ഒരു റാലി സംഘടിപ്പിച്ചു. 3500 പേർ അതിൽ പങ്കെടുത്തു. പ്രതിഷേധക്കാർ പാനിസാഗർ, റോവ വഴി ധംചേര റോഡിലേക്ക് മാർച്ചുമായി നീങ്ങി. പ്രതിഷേധ റാലിക്ക് ആവശ്യമായ ക്രമീകരണങ്ങൾ വടക്കൻ ത്രിപുര ജില്ല പൊലീസ് നടത്തുകയും ചെയ്തിരുന്നു. മാർച്ചിനിടെ ഇരുസമുദായങ്ങൾ തമ്മിൽ ചില ഏറ്റുമുട്ടലുകളുണ്ടായി. ഇരുവിഭാഗങ്ങളും ആരോപണ പ്രത്യാരോപണങ്ങൾ നടത്തി. പരാതികളുടെ അടിസ്ഥാനത്തിൽ പാനിസാഗർ പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. മുസ്ലിംകളുടെ മൂന്നു കടകൾ കത്തിച്ചുവെന്നും മൂന്നു വീടുകൾക്കും പള്ളിക്കും നാശനഷ്ടം വരുത്തിയെന്നും ആരോപണമുണ്ട്. കവർച്ചയുടെയും സ്ത്രീകളെ അപമാനിച്ചതിെൻറയും പരാതികളുമുണ്ട്. രണ്ടാമത്തെ എഫ്.ഐ.ആറിൽ പ്രതിഷേധ റാലിയെ അവഹേളിച്ചതായും പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രകടനക്കാർക്കുനേരെ ആക്രമണമുണ്ടായതായും പ്രത്യാരോപണവുമുണ്ട്. രണ്ടു കേസുകളും കൗണ്ടർ കേസുകളാണ്. അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ തുടർന്ന് ഉനാകോട്ടി, വടക്കൻ ത്രിപുര ജില്ലകളിൽ വലിയ തോതിൽ മുസ്ലിംകൾ സംഘടിച്ചു. പൊലീസിനെ വിന്യസിപ്പിച്ചും ജനത്തെ പ്രേരിപ്പിച്ചും ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു.''
ഇതു കൂടാതെ വിവിധ പ്രദേശങ്ങളിൽ പൊലീസ് മുൻകൈയെടുത്ത് സമാധാന കമ്മിറ്റികളുണ്ടാക്കിയെന്നും വിവിധ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചു. അയ്യായിരത്തോളം പേരെ അണിനിരത്തി വി.എച്ച്.പി പല റാലികൾ നടത്തിയെങ്കിലും ഒരു റാലിയെ കുറിച്ച് മാത്രമാണ് സർക്കാർ കോടതിയിൽ പറഞ്ഞത്.
ബിഷര്‍ഗഡിലെ നറോറയിലും സിപാഹിജാല ജില്ലയിലെ കലംചെറയിലും ഉനക്കോട്ടി ജില്ലയില്‍ പാല് ബസാറിലും രതാബാരിയിലും പള്ളി തകര്‍ക്കുകയും ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്. കടകളും വഴിവാണിഭക്കാരും ആക്രമിക്കപ്പെട്ടു. പടിഞ്ഞാറന്‍ ത്രിപുരയിലെ കൃഷ്ണനഗറിലും അഗര്‍ത്തലയിലുമാണ് കൂടുതല്‍ ആക്രമണം നടന്നത്. ഇവിടെയും പള്ളികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രപൂര്‍ അഗര്‍ത്തല പള്ളി തകര്‍ത്തു. രാംനഗര്‍ പള്ളിയും സിസിടിവിയും തകര്‍ത്തു. വടക്കന്‍ ത്രിപുരയില്‍ ധര്‍മനഗര്‍ പള്ളി അക്രമികള്‍ തകര്‍ത്തു, ചില പള്ളികള്‍ക്കു നേരെ കല്ലെറിഞ്ഞു. ചാമിത്തല മേഖലയിലെ രണ്ട് കടകൾക്ക് ചൊവ്വാഴ്ച തീവെച്ചിരുന്നു. മൂന്ന് വീടുകളും ചില കടകളും വി.എച്ച്.പി പ്രവർത്തകർ തകർത്തിട്ടുണ്ട്. റോവ ബസാറിന് സമീപമാണ് ആക്രമണമുണ്ടായതെന്ന് ജില്ലാ പൊലീസ് സുപ്രണ്ട് ബാനുപാഡ ചക്രബർത്തി പറഞ്ഞു.
മുസ്ലിം വിരുദ്ധ മുദ്രവാക്യങ്ങളുമായി 3500ഓളം വി.എച്ച്.പി പ്രവർത്തകരാണ് റാലിയിൽ അണിനിരന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. മുസ്ലിം സ്ത്രീകൾക്ക് നേരെയും ആക്രമണമുണ്ടായി. വീടുകളിൽ അതിക്രമിച്ച് കയറിയാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ആക്രമണം നടത്തിയത്.
സംസ്ഥാനത്ത് ഇതിനകം ഒരുഡസനിലേറെ മുസ്ലിം ആരാധനാലയങ്ങളും നിരവധി വീടുകളും എണ്ണമറ്റ സ്വത്തുവകകളും ആക്രമിക്കപ്പെട്ടതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ആർ.എസ്.എസും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ്ദൾ തുടങ്ങിയ അനുബന്ധ സംഘടനകളുമാണ് അക്രമത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.