സീത, അക്ബർ; സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
text_fieldsഅഗർത്തല: മൃഗശാലയിലെ സിംഹങ്ങൾക്ക് സീത, അക്ബർ എന്നീ പേരുകൾ നൽകിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ത്രിപുരയിലെ ബി.ജെ.പി സർക്കാർ. വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് സസ്പെൻഡ് ചെയ്തത്. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൽക്കട്ട ഹൈകോടതി പറഞ്ഞതിന് പിന്നാലെയാണ് നടപടി.
1994 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് പ്രബിൻ ലാൽ അഗർവാൾ. സിംഹങ്ങളെ ബംഗാളിലേക്ക് അയക്കുമ്പോൾ അക്ബർ എന്നും സീത എന്നും പേര് നൽകിയത് ഇദ്ദേഹമാണ് എന്നാണ് ത്രിപുര സർക്കാർ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ, സംഭവത്തിൽ ത്രിപുര സർക്കാർ വൈൽഡ് ലൈഫ് അധികൃതരോട് വിശദീകരണം തേടിയിരുന്നു.
ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നാണ് രണ്ട് സിംഹങ്ങളെ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലേക്ക് ഫെബ്രുവരി 12ന് മാറ്റിയത്. അക്ബർ എന്നും സീത എന്നുമായിരുന്നു സിംഹങ്ങളുടെ പേര്. എന്നാൽ, അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് വി.എച്ച്.പി കൽക്കട്ട ഹൈകോടതിയിൽ ഹരജി നൽകുകയായിരുന്നു.
സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്നാണ് കൽക്കട്ട ഹൈകോടതി വിധിച്ചത്. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സിംഹങ്ങള്‍ക്ക് പേരുകൾ നൽകിയത് ത്രിപുരയാണെന്ന് ബംഗാള്‍ സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്‍റെ രേഖകളും ഹാജരാക്കി. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.