ത്രിപുര ബി.ജെ.പിയിൽ പൊട്ടിത്തെറി; ബിപ്ലബ് ദേവിന്റെ യോഗത്തിൽ 10 എം.എൽ.എമാർ പങ്കെടുത്തില്ല
text_fieldsഅഗർത്തല: ബി.ജെ.പി ഭരിക്കുന്ന ത്രിപുരയിൽ പാർട്ടിയിലെ പൊട്ടിത്തെറി അതിരൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽനിന്ന് 10 എം.എൽ.എമാർ വിട്ടുനിന്നു. വെള്ളിയാഴ്ച രാത്രി വിളിച്ച 36 എംഎൽഎമാരുടെയും യോഗത്തിലാണ് ഇവർ പങ്കെടുക്കാതെ ഒഴിഞ്ഞുമാറിയത്.
വിമതസ്വരം ശക്തമായതോടെ, 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാവാൻ മുഴുവൻ എം.എൽ.എമാരുടെയും പിന്തുണ തേടുന്നതിനാണ് യോഗം ചേർന്നത്. 60 അംഗ നിയമസഭയില്‍ 36 സീറ്റാണ് ബി.ജെ.പിയ്ക്കുള്ളത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത മൂര്‍ച്ഛിച്ചത്.
സുദീപ് റോയ് ബർമാൻ, രാം പ്രസാദ് പോൾ അടക്കമുള്ള എം.എൽ.എമാരാണ് വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം െകാടുക്കുന്നത്. സുദീപ് റോയ്ബര്‍മ്മനെ ഏകപക്ഷീയമായി ബിപ്ലബ് കുമാര്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വിട്ടുനിന്ന വിമത എം.എൽ.എമാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽനിന്ന് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് സൂചന.
പ്രശ്നങ്ങൾ പരിഹരിക്കാൻ ജൂൺ 15 ന് അഗർത്തലയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എല്ലാ എംഎൽഎമാരുടെയും യോഗം വിളിച്ചിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും വിമതപക്ഷം രമ്യതയിലെത്തിയില്ല. മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് അവരുടെ പ്രധാന ആവശ്യം.
ഈ യോഗത്തിന് തൊട്ടുപിന്നാലെ സുദീപ് റോയ് ബർമാൻ ഗുവാഹത്തിയിൽ പോയി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ന്യൂഡൽഹിയിൽ പോയി പാർട്ടി തലവൻമാരെ കണ്ടുമടങ്ങി. ഇതേക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.
2016 ൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച സുദീപ് റോയ് ബർമാനെയും കൂട്ടാളികളെയും ബി.ജെ.പി മുൻ ദേശീയ വൈസ് പ്രസിഡൻറ് മുകുൾ റോയിയുടെ നേതൃത്വത്തിലാണ് ബിജെ.പിയിലേക്ക് കൂടുമാറ്റിയത്. ത്രിപുരയിൽ ഭരണംപിടിക്കാൻ ഉൾപ്പെടെ ഈ നീക്കം പാർട്ടിയെ സഹായിച്ചിരുന്നു. എന്നാൽ, വിഭാഗീയത ശക്തമായ സാഹചര്യത്തിൽ 2023ലെ തെരഞ്ഞെടുപ്പിൽ എന്തുസംഭവിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.