വസ്തുതാന്വേഷണ സംഘത്തിനുനേരെ ആക്രമണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsസംഘത്തിന്റെ മൂന്നു വാഹനങ്ങൾ തകർത്തു
അഗർതല: നിയമസഭ തെരഞ്ഞെടുപ്പിനുശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുര സന്ദർശിച്ച പ്രതിപക്ഷ എം.പിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ പിടികൂടാൻ നടപടികൾ സ്വീകരിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ഡൽഹിയിലുള്ള മുഖ്യമന്ത്രി മണിക് സാഹ ഡി.ജി.പി അമിതാഭ് രഞ്ജനുമായി സംസാരിച്ചതായും രാഷ്ട്രീയം പരിഗണിക്കാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചതായും ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിൽ സംഘത്തിലെ എട്ട് അംഗങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മൂന്നു വാഹനങ്ങൾ തകർത്തതായും പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച വരെ ത്രിപുരയിൽ തങ്ങുന്ന സംഘം അതിനുശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും സി.പി.ഐ എം.പി ബിനോയ് വിശ്വം പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം അക്രമം അരങ്ങേറിയ പടിഞ്ഞാറൻ ത്രിപുര, സെപാഹിജാല, ഖോവായ് ജില്ലകളിലെ പ്രദേശങ്ങളാണ് ഇടത്, കോൺഗ്രസ് എം.പിമാർ അടങ്ങുന്ന പ്രതിനിധിസംഘം സന്ദർശിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമസംഭവങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് സെപാഹിജാല, ഖോവായ് ജില്ലകളിലാണ്. സെപാഹിജാല ജില്ലയിൽ ബിഷാൽഗഢ് സബ്ഡിവിഷന്റെ അതിർത്തി ഗ്രാമമായ നെഹൽചന്ദ്രനഗറിൽ വെള്ളിയാഴ്ചയാണ് സംഘത്തെ ബി.ജെ.പിക്കാർ ആക്രമിച്ചത്.
സി.പി.എം രാജ്യസഭ കക്ഷിനേതാവ് എളമരം കരീം, പാർട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എ.ഐ.സി.സി ജനറൽ സെക്രട്ടറി അജോയ് കുമാർ, കോൺഗ്രസ് എം.പി അബ്ദുൽ ഖാലിക് എന്നിവർ നെഹൽചന്ദ്രനഗർ മാർക്കറ്റിൽ ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളികളുമായി ആക്രമിക്കുകയായിരുന്നുവെന്നും മൂന്നു വാഹനങ്ങൾ തകർത്തതായും മുതിർന്ന സി.പി.എം നേതാവ് രാഖൽ മജുംദാർ പറഞ്ഞു. ബുധനാഴ്ച രാത്രി പ്രദേശത്തെ 20 കടകൾ അഗ്നിക്കിരയാക്കിയിരുന്നു.
പ്രതിപക്ഷ എം.പിമാർ ഗവർണറെ കണ്ടു
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എം.പിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെയുണ്ടായ ബി.ജെ.പി ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് സംഘത്തിലുള്ളവർ ഗവർണറെ കണ്ടു. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭ മണ്ഡലത്തിൽ വെള്ളിയാഴ്ച സന്ദർശനം നടത്തുന്നതിനിടയിലാണ് സർക്കാർ അനുകൂലികൾ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയർത്തി ആക്രമണം അഴിച്ചുവിട്ടത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി അജോയ് കുമാർ, സി.പി.എം രാജ്യസഭ എം.പി എളമരം കരീം, സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, കോൺഗ്രസ് എം.പി അബ്ദുൽ ഖാലിക് എന്നിവർ ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ആക്രമികൾ വാഹനങ്ങൾ അടിച്ചുതകർക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് നേതാക്കൾ ശനിയാഴ്ച ഗവർണറുമായി കൂടിക്കാഴ്ച നടത്തി. അക്രമസംഭവങ്ങളുടെ വിശദാംശങ്ങൾ അടങ്ങുന്ന നിവേദനം ഗവർണർക്ക് സമർപ്പിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും അത്യന്തം ഗുരുതരമായ ഈ സാഹചര്യത്തിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടണമെന്നും സംഘം ഗവർണറോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പു നൽകിയതായി എം.പിമാർ അറിയിച്ചു. ത്രിപുരയിലെ അക്രമസംഭവങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും എം.പിമാർ വ്യക്തമാക്കി.ത്രിപുര സന്ദർശനം നടത്തുന്ന പ്രതിപക്ഷ എം.പിമാർക്കു നേരെയുള്ള ആർ.എസ്.എസ്-ബി.ജെ.പി അതിക്രമത്തെ അന്വേഷണവിധേയമാക്കി ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും ത്രിപുരയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്നും എ.എം. ആരിഫ് എം.പി പ്രസ്താവനയിൽ പറഞ്ഞു.
പ്രതിഷേധാർഹം -സി.പി.എം
തിരുവനന്തപുരം: ത്രിപുരയിലെ അക്രമബാധിതപ്രദേശങ്ങള് സന്ദര്‍ശിക്കാന്‍ പോയ പ്രതിപക്ഷ എം.പിമാരുടെ സംഘത്തിന് നേരെയുള്ള ബി.ജെ.പി അക്രമം പ്രതിഷേധാർഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിൽ അക്രമങ്ങള്‍ കൂടുതല്‍ തീക്ഷ്ണമായിരിക്കുകയാണ്.
പത്ത് ദിവസത്തിനിടെ പ്രതിപക്ഷ പാർട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ആയിരത്തിലധികം അക്രമണമാണ് നടന്നത്. പ്രതിപക്ഷ എം.എല്‍.എമാരുടെയും നേതാക്കന്മാരുടെയും വീടുകള്‍ അക്രമിക്കപ്പെട്ടു.
പൊലീസ് അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറായുമില്ല. ഈ സാഹചര്യത്തിലാണ് എം.പിമാരുടെ സംഘം ത്രിപുരയിലെത്തിയത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ എളമരം കരീമും എ.എ. റഹീമും ഉള്‍പ്പെടെ എം.പിമാര്ക്കെതിെരയാണ് അക്രമണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.