ഉത്തർപ്രദേശിൽ ദളിത് യുവാവിന്‍റെ നെറ്റിയിൽ ആസിഡൊഴിച്ച് ത്രിശൂലം വരച്ചു, സ്കിന്‍ അലർജിയെന്ന് ന്യായീകരിച്ച് പൊലീസ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ യുവാവിന്‍റെ നെറ്റിയിൽ ആസിഡൊഴിച്ച് ത്രിശൂലം വരച്ചതായി റിപ്പോർട്ട്. ദളിത് വിഭാഗത്തിലെ ചാമർ ജാതിയിൽപ്പെട്ടതിനാണ് തന്നെ പ്രതികൾ ആക്രമിച്ചതെന്ന് കാൻഷിറാം കോളനി നിവാസിയായ ആദേശ് പറഞ്ഞു. സംഭവത്തിൽ തനിക്ക് നീതി വേണമെന്നും എന്നാൽ തന്റെ പരാതികൾ കേൾക്കാന്‍ ഒരു അധികാരികളും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദേശ് പറയുന്നതനുസരിച്ച് മാർച്ച് 18 ന് രാവിലെയാണ് സംഭവം നടക്കുന്നത്. നാല് പേർ മദ്യപിക്കാനായി ഗ്ലാസ് കഴുകി തരാന്‍ ആദേശിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്വബോധം നഷ്ടപ്പെട്ട ഇവർ ആദേശിനെ ആക്രമിക്കുകയും ആസിഡ് ഉപയോഗിച്ച് നെറ്റിയിൽ ത്രിശൂലം വരക്കുകയും ചെയ്തു. ചാമർ ജാതിയിൽപ്പെട്ട ഇവന് മറക്കാൻ കഴിയാത്ത ഒരു അടയാളം നെറ്റിയിൽ നൽകണമെന്ന് ആക്രമണത്തിനിടെ ഇവർ ആക്രോശിച്ചിരുന്നതായി ആദേശ് പറഞ്ഞു.
എന്നാൽ ആദേശിന്റെ വാദങ്ങൾ മുഴുവന്‍ അടിസ്ഥാനരഹിതമാണെന്നാണ് സഹാറൻപൂർ എസ്.എസ്.പി ആകാശ് തോമർ പറയുന്നത്. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി നിറങ്ങൾ വിതറിയപ്പോഴുണ്ടായ സ്കിന്‍ അലർജിയാണ് നെറ്റിയിൽകാണുന്നതെന്ന് ആകാശ് പറഞ്ഞു. മുന്ന് പ്രതികളെയും മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയതായും ആസിഡൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആദേശ് പ്രതികളിൽ നിന്ന് പതിനായിരം രൂപ കടം വാങ്ങിയിരുന്നെന്നും ഇത് തിരിച്ചു നൽകാതിരിക്കാനായി കെട്ടിച്ചമച്ച കേസാണിതെന്നും തോമർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.