തിരുവനന്തപുരം–ഗുവാഹത്തി പാത സ്വകാര്യ മേഖലക്ക്
text_fieldsന്യൂഡൽഹി: തിരുവനന്തപുരം-ഗുവാഹതി പാതയിലെ സർവിസ് നടത്തിപ്പും സ്വകാര്യവത്കരണ പാതയിൽ. ആദ്യഘട്ടത്തിൽ 100 പാതകളിലായി 150 ട്രെയിനുകളുടെ നടത്തിപ്പു ചുമതല സ്വകാര്യമേഖലക്ക് കൈമാറുന്നതിൽ തിരുവനന്തപുരം-ഗുവാഹതി അടക്കം 10 പാതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി 22,500 കോടി രൂപ സ്വരൂപിക്കലാണ് ലക്ഷ്യം.
തിരുവനന്തപുരം-എറണാകുളം പാതയിലും സർവിസ് നടത്തിപ്പ് സ്വകാര്യമേഖലക്ക് കൈമാറുന്നത് നേരേത്തതന്നെ റെയിൽവേയുടെ പരിഗണനയിലുണ്ട്. എന്നാൽ, ഇതടക്കമുള്ള ഹ്രസ്വദൂര പാതയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ജനുവരിയിൽ നടത്തിപ്പു ചുമതല സ്വകാര്യമേഖലക്ക് കൈമാറാനുള്ള നടപടികളാണിപ്പോൾ പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത അംഗീകാര സമിതി (പി.പി.പി.എ.സി) അവസാനഘട്ട നടപടികൾ പൂർത്തിയാക്കി.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് തേജസ് എക്സ്പ്രസ് നടത്തിപ്പ് ഐ.ആർ.സി.ടി.സിക്ക് നൽകിയിരുന്നു. രണ്ടാം മോദി സർക്കാറിെൻറ 100 ദിന പദ്ധതിയിൽ ഉൾപ്പെട്ടതാണ് രാജ്യത്തെ 50 റെയിൽവേ സ്റ്റേഷനുകളും 100 പാതകളും സ്വകാര്യവത്കരിക്കുക എന്നത്. തിരുവനന്തപുരം-ഗുവാഹതി കൂടാതെ മുംബൈ-കൊൽക്കത്ത, മുംബൈ-ചെന്നൈ, മുംബൈ-ഗുവാഹതി, ന്യൂഡൽഹി-മുംബൈ, ന്യൂഡൽഹി-കൊൽക്കത്ത, ചെന്നൈ-ന്യൂഡൽഹി, ചെന്നൈ-കൊൽക്കത്ത, ചെന്നൈ-ജോധ്പൂർ എന്നീ ദീർഘദൂര പാതകളാണ് ആദ്യഘട്ട പട്ടികയിൽ ഇടം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.