ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര സിങ് റാവത്ത് മന്ത്രിസഭ അധികാരമേറ്റു VIDEO
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡെറാഡൂൺ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ത്രിവേന്ദ്ര സിങ് റാവത്തിനെ കൂടാതെ സത്പാൽ മഹാരാജ്, പ്രകാശ് പന്ത്, ഹാരക് സിങ് റാവത്ത്, മദൻ കൗശിക് അടക്കമുള്ള മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ജെ.പി നന്ദ, ഉമ ഭാരതി എന്നിവർ സന്നിഹിതരായിരുന്നു.
56കാരനായ ത്രിവേന്ദ്ര സിങ് റാവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി അടുത്ത ബന്ധമാണുള്ളത്. കൂടാതെ 1983 മുതൽ 2002 വരെ ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകനായിരുന്നു. ഉത്തരാഖണ്ഡ് മേഖലയിൽ പാർട്ടി ഒാർഗനൈസിങ് സെക്രട്ടറിയാണ്. 2014ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപ് ഉത്തർപ്രദേശിൽ അമിത് ഷാക്കൊപ്പം ത്രിവേന്ദ്ര സിങ് റാവത്ത് പ്രവർത്തിച്ചിട്ടുണ്ട്.
ദോയ് വാല നിയോജക മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയാണ് ത്രിവേന്ദ്ര സിങ് റാവത്ത് നിയമസഭയിലെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരീഷ് റാവത്തിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെയാണ് ബി.ജെ.പി അട്ടിമറിച്ചത്. ആകെ 70 സീറ്റില്‍ 57ലും ജയിച്ച് ബി.ജെ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന് 11 സീറ്റ് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.