ഝാർഖണ്ഡ് സഖ്യത്തിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉടലെടുത്തതിനെ തുടർന്ന് കോൺഗ്രസ് അടിയന്തിര യോഗം വിളിച്ചു
text_fieldsന്യൂഡൽഹി: ഝാർഖണ്ഡ് സഖ്യത്തിൽ ആഭ്യന്തര പ്രശ്നങ്ങൾ വർധിക്കുന്നു. ഝാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്ന് തങ്ങൾ അവഗണന നേരിടുന്നുവെന്നും തങ്ങളില്ലാതെ സർക്കാറിന് നിലനിൽപ്പില്ലെന്ന് ഓർക്കണമെന്നും ഝാർഖണ്ഡിൽ കോൺഗ്രസ് ചുമതല വഹിക്കുന്ന അവിനാഷ് പാണ്ഡെ വ്യക്തമാക്കി. ഝാർഖണ്ഡിലെ മുഖ്യമന്ത്രി കോൺഗ്രസ് എം.എൽ.എയെ അവഗണിച്ചുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"ഝാർഖണ്ഡ് സർക്കാരിനെ സുസ്ഥിരമായി നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. എന്നാൽ ഏതെങ്കിലും സർക്കാരോ പാർട്ടിയോ കോൺഗ്രസിനെതിരെ ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നത് ഞങ്ങൾക്ക് സഹിക്കാനാവില്ല. മുഖ്യമന്ത്രിയായ ഹേമന്ദ് സോറൻ സഖ്യത്തെക്കുറിച്ച് ഗൗരവപരമായി ചിന്തിക്കേണ്ടതുണ്ട്. " - പാണ്ഡെ പറഞ്ഞു.
ഝാർഖണ്ഡിലെ സഖ്യകക്ഷികൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് പരിഹാരം കാണാന്‍ പാർട്ടി നേതാക്കളെ ഉൾപ്പെടുത്തി അടിയന്തിര യോഗം ചേരുമെന്ന് കോൺഗ്രസ് അറിയിച്ചു. ഏപ്രിൽ അഞ്ചിന് ചർച്ചക്കായി 25 ഝാർഖണ്ഡ് കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ഝാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷനായ രാജേഷ് താക്കൂർ പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗരേഖയും യോഗം ചർച്ചചെയ്യുമെന്ന് പാണ്ഡെ കൂട്ടിച്ചേർത്തു.
ഝാർഖണ്ഡിലെ 81 അംഗ നിയമസഭയിൽ ഝാർഖണ്ഡ് മുക്തി മോർച്ച , കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, എന്‍.സി.പി, സി.പി.ഐ എന്നിവയുടെ ഭരണ സഖ്യത്തിന് 51എം.എൽ.എമാരാണുള്ളത്. ജെ.എം.എമ്മിന് 30 എം.എൽ.എമാരും കോൺഗ്രസിന് 18 പേരും ആർ.ജെ.ഡി, എന്‍.സി.പി, സി.പി.ഐ എന്നിവക്ക് ഓരോ എം.എൽ.എമാരുമാണുള്ളത്. സഖ്യസർക്കാരിൽ കോൺഗ്രസിന് നാല് മന്ത്രിമാരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.