മോദി സർക്കാറിനെ നാസി ഭരണത്തോട് ഉപമിച്ച് സഭ; തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തണം
text_fieldsമുംബൈ: ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീകർെക്കതിരെ ക്രിസ്ത്യൻ സഭയും എൻ.ഡി.എ ഘടക കക്ഷിയായ ശിവസേനയും രംഗത്ത്. സഭ പ്രസിദ്ധീകരണമായ ‘റെനൊവകാവി’ലൂടെ ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെയും രൂക്ഷമായി വിമർശിച്ചാണ് സഭ രംഗത്തുവന്നത്. നരേന്ദ്ര മോദി സർക്കാറിനെ സഭ പ്രസിദ്ധീകരണം ഉപമിച്ചത് നാസി ജർമനിയോടാണ്. ഫാഷിസത്തിെൻറ വ്യാപ്തി തടയാൻ വർഗീയ ശക്തികൾെക്കതിരെ വോട്ട് ചെയ്യണമെന്ന് ലേഖനം ആവശ്യപ്പെടുകയും ചെയ്തു.
പാർട്ടി മുഖപത്രത്തിൽ പരീകറുടെ തോൽവിക്കായി പ്രാർഥിക്കുന്ന മുഖപ്രസംഗവുമായാണ് ശിവസേന രംഗത്തുവന്നത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ ഡൽഹിയിൽ ചെന്ന് പ്രതിരോധ വകുപ്പ് ഏറ്റെടുക്കുമെന്ന് പറയുന്ന പരീകറുടെ വിഡിയോയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. തെരെഞ്ഞടുപ്പിൽ തോറ്റാൽ പ്രതിരോധ മന്ത്രി പദത്തിലല്ല; വീട്ടിലാണ് കയറിയിരിക്കേണ്ടതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുറന്നടിച്ചു. പ്രതിരോധ വകുപ്പ് കുട്ടിക്കളിയല്ലെന്നും നേരത്തേ ആ പദവിയിലിരുന്ന പരീകർ പരാജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മന്ത്രി പദം രാജിവെച്ച് കഴിഞ്ഞ മാർച്ചിലാണ് ഗോവയിലെ മുഖ്യമന്ത്രിപദം മനോഹർ പരീകർ ഏറ്റെടുത്തത്. പനാജിയിൽനിന്നാണ് ജനവിധി തേടുന്നത്. പരീകർക്കുവേണ്ടി ബി.ജെ.പി എം.എൽ.എ സിദ്ധാർഥ് കുൻകോലിയങ്കർ രാജിവെക്കുകയായിരുന്നു. പരീകർക്ക് പുറമെ കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന വിശ്വജിത് റാണെയും വാൽപോയി മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.