ഇഞ്ചോടിഞ്ച് ബി.ജെ.പിയെ എതിരിട്ട് ടി.ആർ.എസ്
text_fieldsഹൈദരാബാദ്: തെലങ്കാന പിടിക്കാൻ ദേശീയ നിർവാഹക സമിതിയുമായി ഹൈദരാബാദിലേക്കു വന്ന ബി.ജെ.പിയോട് അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് മുട്ടിനിന്ന് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്). നിർവാഹക സമിതിയുടെ സമാപനവും പരേഡ് ഗ്രൗണ്ടിലെ ബി.ജെ.പി വിജയ് സങ്കൽപ സഭയും മോദിയുടെ പ്രസംഗങ്ങൾകൊണ്ട് പ്രധാന വാർത്തകളാകുമെന്ന് കണ്ട് തിങ്കളാഴ്ചയും തെലങ്കാന പത്രങ്ങൾ ടി.ആർ.എസ് സർക്കാറിന്റെ മുഴുപേജ് പരസ്യങ്ങളുമായിട്ടാണ് ഇറങ്ങിയത്.
ബി.ജെ.പിയോട് മത്സരിച്ച് ബിൽബോർഡുകളും ഫ്ലക്സുകളും പോസ്റ്ററുകളും നഗരത്തിൽ നിറച്ച ശേഷമായിരുന്നു അവസാന നാൾ വരെയുള്ള പരസ്യയുദ്ധം. പ്രധാനമന്ത്രി വന്ന അതേ ദിവസംതന്നെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയുടെ പ്രചാരണം ഹൈദരാബാദിൽ നടത്തിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു (കെ.സി.ആർ) മോദിയെ പേരെടുത്തു പറഞ്ഞ് രൂക്ഷമായ ഭാഷയിലാണ് കടന്നാക്രമിച്ചത്.
മോദിയെ അഭിസംബോധന ചെയ്തായിരുന്നു യശ്വന്ത് സിൻഹക്ക് വരവേൽപ് നൽകി കെ.സി.ആർ നടത്തിയ പ്രസംഗം. ഒരു ബ്രഹ്മമാണെന്നാണ് താങ്കൾ ധരിച്ചിരിക്കുന്നതെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്ത് താങ്കൾ സംസ്ഥാനങ്ങളിലെ സർക്കാറുകളെ വീഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നും ഒമ്പതു സർക്കാറുകളെയാണ് ഇതുപോലെ വീഴ്ത്തിയതെന്നും കെ.സി.ആർ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിൽ സർക്കാറിനെ വീഴ്ത്തിയപോലെ തെലങ്കാനയിലും വീഴ്ത്തുമെന്നാണെങ്കിൽ ഒന്ന് വീഴ്ത്തൂ.
താങ്കളുടെ ഏകാധിപത്യം നാൾക്കുനാൾ കൂടിവരുകയാണ്. മോദിയുടെ ഭരണംകൊണ്ട് എന്തു നേട്ടമാണ് രാജ്യത്തിന് ലഭിച്ചതെന്ന് കെ.സി.ആർ ചോദിച്ചു. സ്വിസ് ബാങ്കിലെ കള്ളപ്പണമൊന്നും കൊണ്ടുവന്നില്ല. ഉള്ളത് ഇരട്ടിയാകുകയാണ് ചെയ്തത്. ഇന്ത്യയിൽ കൽക്കരി 4000ത്തിന് ടൺ ലഭിക്കുമ്പോൾ മോദിയുടെ കൽക്കരിക്ക് 25,000-30,000 രൂപ വേണം. മോദിയുടെ ചങ്ങാതി കൽക്കരി ഇറക്കുമതി ചെയ്യുന്നതുകൊണ്ടാണിത്. പ്രധാനമന്ത്രിയുടെ പണിയല്ല, സെയിൽസ്മാന്റെ പണിയാണ് ചെയ്യുന്നത്.
മേക് ഇൻ ഇന്ത്യ വന്നശേഷം എട്ടു മോട്ടോർ വാഹന കമ്പനികളാണ് രാജ്യം വിട്ടുപോയത്. പ്രതിപക്ഷ നേതാക്കൾക്കുനേരെ ആരോപണങ്ങളുന്നയിക്കുന്നതിനു പകരം തനിക്കു നേരെ വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് മോദി വേണ്ടത്. നൽകിയ വാഗ്ദാനങ്ങളിൽ ഒന്നെങ്കിലും പൂർത്തീകരിച്ചിട്ടുണ്ടോ -റാവു ചോദിച്ചു. ചന്ദ്രശേഖര റാവുവിന്റെ മകനും കുറച്ചില്ല.
ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതിയല്ല, വാട്സ്ആപ് യൂനിവേഴ്സിറ്റിയാണ് ഹൈദരാബാദിൽ ചേരുന്നത് എന്നായിരുന്നു കെ.ടി.ആറിന്റെ പരിഹാസം. നിർവാഹക സമിതിക്ക് വന്നവർ ഹൈദരാബാദിലെ പ്രസിദ്ധമായ പാരഡൈസ് ബിരിയാണിയും കഴിച്ച് തിരിച്ചുപോകാനും അദ്ദേഹം പറഞ്ഞു.എന്നാൽ, കെ.സി.ആറിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ തെലങ്കാനയുടെയും ബി.ജെ.പിയുടെയും സാധ്യതകളെക്കുറിച്ച് പ്രസംഗിച്ച് തിരിച്ചുപോകുകയാണ് മോദി ചെയ്തത്. കെ.സി.ആറിനുള്ള മറുപടി നിർവാഹക സമിതി പ്രസ്താവനയായി പുറത്തിറക്കുകയും ചെയ്തു.
ഉദയ്പുർ കൊല ചർച്ച ചെയ്യാതെ ബി.ജെ.പി നിർവാഹക സമിതി
ഹൈദരാബാദ്: പ്രവാചക നിന്ദയുടെ പേരിൽ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യലാലിനെ കൊന്നവർക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിൽ സംഘ്പരിവാർ പ്രക്ഷോഭം ശക്തമാക്കുന്നതിനിടയിലും ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി വിഷയം ചർച്ച ചെയ്തില്ല. രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വീണുകിട്ടിയ വിഷയം സജീവ ചർച്ചയിലേക്ക് കൊണ്ടുവരാതെ ദേശീയ നിർവാഹക സമിതി അതേപ്പറ്റി മൗനം പാലിച്ചു. ഹൈദരാബാദിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നേതാക്കളുടെ പ്രതികരണം.
രാജ്യത്തെ സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയ പ്രമേയത്തിൽ ഉദയ്പുർ കൊലയും ഉണ്ടാകുമെന്നായിരുന്നു ബി.ജെ.പി ദേശീയ നിർവാഹക സമിതിയുടെ ആദ്യദിനം നേതാക്കൾ പറഞ്ഞിരുന്നത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ അടക്കം നേതാക്കൾ വാർത്തസമ്മേളനത്തിലും ഇതേ സൂചന നൽകി. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ഗുജറാത്ത് കലാപ കേസിൽ മോദിയെ കുറ്റവിമുക്തനാക്കിയ സുപ്രീംകോടതി വിധി വിശദമായി പ്രതിപാദിച്ചുവെങ്കിലും ഉദയ്പുർ കൊല സ്പർശിച്ചില്ല. അമരാവതിയിലെ കൊല ഇതിനിടെ പുറത്തുവന്നിട്ടും പ്രമേയ ചർച്ചയിലും വിഷയം ഉന്നയിച്ചില്ല.
ഉദയ്പുർ കൊലയാളികൾക്ക് ബി.ജെ.പിയുമായും ആർ.എസ്.എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ചുമായുമുള്ള ബന്ധവും വിവാദമായിരുന്നു. കനയ്യലാലിന്റെ ബി.ജെ.പി ബന്ധം ചോദ്യംചെയ്ത് കോൺഗ്രസ് വക്താവ് പവൻ ഖേര അടക്കം പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നപ്പോൾ അത് വ്യാജവാർത്തയാണെന്നാണ് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചത്. രാജീവ് ഗാന്ധിയെ കൊല്ലാൻ എൽ.ടി.ടി.ഇ ഘാതകർ കോൺഗ്രസിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചതു പോലെ ബി.ജെ.പിയിൽ നുഴഞ്ഞുകയറാൻ നോക്കിയവരാണ് കൊലയാളികളെന്നും മാളവ്യ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.