ടി.ആർ.എസ്-ബി.ജെ.പി പോര് മുറുകി; മോദിയെ തഴഞ്ഞ് സിൻഹയെ സ്വീകരിച്ചു
text_fieldsഹൈദരാബാദ്: തെലങ്കാന ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്ന ദേശീയ നിർവാഹക സമിതിയെ നേരിടാൻ പ്രചാരണ യുദ്ധത്തിനിറങ്ങിയ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തഴഞ്ഞ് യു.പി.എ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ വിമാനത്താളവത്തിലെത്തി. മുഖ്യമന്ത്രിക്ക് പുറമെ മുഴുവൻ മന്ത്രിമാരും സിൻഹയെ സ്വീകരിച്ച അതേ വിമാനത്താവളത്തിൽ പ്രധാനമന്ത്രി വന്നപ്പോൾ റാവു സ്വീകരിക്കാനയച്ചത് ഒരു മന്ത്രിയെ മാത്രം. പ്രധാനമന്ത്രിയെ അവഹേളിച്ചുവെന്ന ആക്ഷേപവുമായി സംഭവം വിവാദമാക്കിയ ബി.ജെ.പിക്ക് മറുപടിയുമായി ടി.ആർ.എസ് രംഗത്തുവന്നു.
മോദിയെ അവഹേളിച്ചതിലുടെ ഫെഡറലിസത്തോടും ഭരണഘടനയോടുമുള്ള നിന്ദയാണ് ചന്ദ്രശേഖർ റാവുവിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ ഭയമായത് കൊണ്ടാണ് മുഖ്യമന്ത്രി വരാത്തതെന്ന് ബി.ജെ.പി നേതാവ് രാമചന്ദർ റാവുവും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പോകേണ്ട കാര്യമില്ലെന്നും മോദിയെ സ്വീകരിക്കാൻ ചന്ദ്രശേഖര റാവു അയച്ച തെലങ്കാന മന്ത്രി ശ്രീനിവാസ് യാദവ് തിരിച്ചടിച്ചു. സർക്കാറുകളെ മറിച്ചിടുന്ന ബി.ജെ.പിയുടെ സർക്കസ് മാത്രമാണ് ദേശീയ നിർവാഹക സമിതിയെന്ന് ടി.ആർ.എസ് പരിഹസിക്കുകയും ചെയ്തു.
പോസ്റ്റർ യുദ്ധം നടത്തി തെലങ്കാനയിൽ ദേശീയ നിർവാഹക സമിതിയെ നേരിടുന്ന ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ പ്രചാരണത്തിനായി അതേ ദിവസം ക്ഷണിച്ചതും മാധ്യമശ്രദ്ധ ബി.ജെ.പിയിൽ നിന്ന് മാറ്റാനായിരുന്നു. സിൻഹക്ക് സ്വാഗതമോതി കൂറ്റൻ ബിൽബോർഡുകളും കട്ടൗട്ടുകളുമുയർത്തിയ ചന്ദ്രശേഖർ റാവു പ്രധാനമന്ത്രി വന്ന ദിവസം തന്നെ യശ്വന്ത് സിൻഹയുടെ റോഡ് ഷോ നടത്തി പാർട്ടിയുടെ ശക്തിപ്രകടനവും നടത്തി.
ബി.ജെ.പിയുമായി ഏറ്റുമുട്ടാൻ കെൽപുള്ള പ്രതിപക്ഷ പാർട്ടിയായി ടി.ആർ.എസ് തങ്ങളെ ഉയർത്തിക്കാണിക്കുമ്പോൾ ഇടമില്ലാതാകുന്നത് ഇപ്പോൾ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനാണ്. ടി.ആർ.എസ് - ബി.ജെ.പി പോര് മുറുകിയതോടെ തെലങ്കാനയിൽ അപ്രസക്തമായി കൊണ്ടിരിക്കുന്ന കോൺഗ്രസിനെ സിൻഹയുടെ പ്രചാരണം കൂടി ടി.ആർ.എസ് നേരിട്ട് ഏറ്റെടുത്തത് കൂടുതൽ പ്രതിസന്ധിയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.