ഗ്യാസ് സിലിണ്ടറിന് മുന്നിൽ മോദിയുടെ ചിത്രം; നിർമല സീതാരാമന് തെലങ്കാനയുടെ മറുപടി-വിഡിയോ
text_fieldsആന്ധ്ര: കേന്ദ്രം സൗജന്യമായി അരി നൽകുന്നതിനാൽ റേഷൻ കടകൾക്കു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെക്കാത്തതിൽ കലക്ടറെ പരസ്യമായി ശാസിച്ച കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് വാക്കുകൊണ്ടല്ല, പ്രവൃത്തിയിലൂടെ തന്നെ മറുപടി നൽകി തെലങ്കാന സർക്കാർ. ഗ്യാസ് സിലിണ്ടറിനു മുന്നിൽ മോദിയുടെ ചിത്രം വെച്ചാണ് തെലങ്കാന രാഷ്ട്രീയ സമിതി(ടി.ആർ.എസ്) ബി.ജെ.പിക്ക് ശക്തമായ മറുപടി നൽകിയത്. മോദിയുടെ ചിത്രത്തിനൊപ്പം സിലിണ്ടറിന്റെ വിലയും നൽകിയിട്ടുണ്ട്.
മോദിയുടെ മുഖ്യവിമർശകനാണ് തെലങ്കാന മുഖ്യമന്ത്രി സി.എം. കെ ചന്ദ്രശേഖരറാവു. ജനാധിപത്യത്തെയും ഫെഡറൽസംവിധാനത്തെയും മോദി കൊല്ലുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പാചക വാതക ഗ്യാസ് സിലിണ്ടറിന് 1105 രൂപയാണ്. മോദിസർക്കാർ അധികാരത്തിൽ വന്നശേഷം പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ വർധിക്കുകയാണെന്നും ടി.ആർ.എസ് വിമർശിച്ചിരുന്നു.
2014ൽ മോദി പ്രധാനമന്ത്രിയാകുമ്പോൾ ഒരു എൽ.പി.ജി സിലിണ്ടറിന് 410 രൂപയായിരുന്നു വില. ''നിർമലാ സീതാരാമൻ ജി, നിങ്ങൾക്ക് മോദിയുടെ ചിത്രങ്ങളല്ലെ വേണ്ടത്. ഇതാ കണ്ടോളൂ...''എന്നു പറഞ്ഞാണ് ടി.ആർ.എസ് കൃഷാങ്ക് മാന്നെ മോദിയുടെ ചിത്രങ്ങൾ പതിച്ച എൽ.പി.ജി സിലിണ്ടറുകളുടെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കാമറെഡ്ഡി ജില്ലയിലെ കലക്ടർ ജിതേഷ് വി പാട്ടീലിനോട് റേഷൻ കടകൾക്കു മുന്നിൽ മോദിയുടെ ചിത്രം വെക്കാത്തതിൽ നിർമല സീതാരാമൻ കയർത്തത്. സൗജന്യമായി അരി നൽകിയിട്ടും ഒരു റേഷൻ കടയുടെ മുന്നിലും മോദിയുടെ ചിത്രം കാണാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം. ബി.ജെ.പിയുടെ ലോക്സഭ പ്രവാസ് യോജന പദ്ധതിയുടെ സഹീറാബാദ് ലോക്സഭ നിയോജക മണ്ഡലത്തിൽ സന്ദർശനത്തിൽ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രിയുടെ നടപടിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.