'ഹിറ്റ് ആൻഡ് റൺ' നിയമത്തിനെതിരെ ട്രക്ക് ഡ്രൈവർമാരുടെ പണിമുടക്ക്; പെട്രോൾ പമ്പുകളിൽ വൻ തിരക്ക്
text_fieldsന്യൂഡൽഹി: പുതിയ 'ഹിറ്റ് ആൻഡ് റൺ' നിയമത്തിനെതിരെ രാജ്യത്തുടനീളമുള്ള ഹൈവേകളും പ്രധാന റോഡുകളും തടഞ്ഞ് ട്രക്ക് ഡ്രൈവർമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. തിങ്കളാഴ്ചയാണ് മൂന്ന് ദിവസത്തെ പ്രതിഷേധത്തിന് തുടക്കമിട്ടത്.
ക്രിമിനൽ കോഡിനെതിരെയുള്ള ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധം ഇന്ധന വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക കാരണം പല സംസ്ഥാനങ്ങളിലും ഇന്ധന പമ്പുകളിൽ കഴിഞ്ഞ രണ്ട് ദിവസമായി നീണ്ട ക്യൂവാണ്.
പുതിയ ഭാരതീയ ന്യായ സൻഹിത പ്രകാരം വാഹനങ്ങളുടെ പിഴ വർധിപ്പിക്കുന്നതിനെതിരെ ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്.
പുതിയ നിയമപ്രകാരം അപകടത്തിൽപെട്ട വാഹനം നിർത്താതെ പോയാൽ ഏഴ് ലക്ഷം രൂപ പിഴയും 10 വർഷം തടവും അനുഭവിക്കണം. ട്രക്ക് ഡ്രൈവർമാരും ക്യാബ് ഡ്രൈവർമാരും മറ്റു വാണിജ്യ വാഹനങ്ങൾ ഓടിക്കുന്നവരും ഇത്ര വലിയ തുക എങ്ങനെ പിഴയടക്കുമെന്ന് ഓൾ പഞ്ചാബ് ട്രക്ക് ട്രേഡേഴ്സ് യൂണിയൻ പ്രസിഡന്‍റ് ഹാപ്പി സിദ്ധു ചോദിച്ചു. ഇത് 'കരിനിയമം' ആണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനടാങ്കറുകളും പ്രതിഷേധത്തിൽ പങ്കെടുത്ത് ഇന്ധനം നിറക്കൽ നിർത്തിവച്ചിരിക്കുകയാണ്. ഇന്ധന പ്രതിസന്ധി ഇതിനോടകം നിരവധി നഗരങ്ങളെ ബാധിച്ചു. വരും ദിവസങ്ങളിൽ മറ്റു നഗരങ്ങളിലും സമാനമായ പ്രതിസന്ധി നേരിട്ടേക്കാം എന്ന ആശങ്കയിലാണ് ആളുകൾ. ഉത്തര ഹിമാചലിൽ പ്രതിഷേധം ഇതിനോടകം വിനോദ സഞ്ചാര മേഖലയെയും ബാധിച്ചു.
ഡീസൽ തീരുന്നത് വരെ മാത്രമെ സ്കൂൾ ബസ്സുകൾ പ്രവർത്തിക്കുകയുള്ളു എന്ന് മഹാരാഷ്ട്ര സ്കൂൾ ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് അനിൽ ഖാർഗ് പറഞ്ഞു. പട്ന മുതൽ പുണെ വരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ടയറുകൾ കത്തിച്ചും റോഡുകൾ തടഞ്ഞും നിരവധി ഡ്രൈവർമാരാണ് നിരത്തിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.