കനേഡിയൻ പ്രധാനമന്ത്രി 'ശരിക്കും' വിളിച്ചത് ഇതിനാണ്; മോദി പറയാത്തതും ട്രുഡോ പറഞ്ഞതും
text_fieldsകനേഡിയൻ പ്രധാനമന്ത്രി ജസ്റ്റൻ ട്രുഡോയുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ച് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ട്വീറ്റുണ്ടായിരുന്നു. കാനഡക്ക് ആവശ്യമായ കോവിഡ് വാക്സിൻ നൽകാൻ വേണ്ട നടപടികൾ ഉറപ്പു നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ ട്വീറ്റ്. കാലാവസ്ഥാ മാറ്റം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളിൽ സഹകരണം തുടരുമെന്നും ട്വീറ്റിലുണ്ടായിരുന്നു. മോദിയുടെ ട്വീറ്റ് അനുയായികൾ ഏറ്റെടുക്കുകയും വാക്സിൻ നിർമാണത്തിലെ ഇന്ത്യയുടെ നേട്ടത്തെ വാഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ, കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോഴാണ് ചിത്രം ശരിക്കും വ്യക്തമായത്.
കർഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ ജനാധിപത്യ മൂല്യങ്ങൾ ഒാർമപ്പെടുത്താനായിരുന്നു കനേഡിയൻ പ്രധാനമന്ത്രി വിളിച്ചത്. അതാണ് കോവിഡ് വാക്സിൻ ചോദിച്ചുള്ള വിളിയായി പ്രധാനമന്ത്രി അവതരിപ്പിച്ചത്.
സമീപകാല പ്രക്ഷോഭങ്ങൾ, ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത, സംവാദങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്‍റെ പ്രാധാന്യം എന്നിവ ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തുവെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ വിശദീകരിച്ചത്.
ട്രുഡോയുടെ പ്രസ്താവന പുറത്തു വന്നതോടെ മോദിക്കെതിരായ പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. നമ്മുടെ പ്രധാനമന്ത്രിക്ക് നുണ പറയുന്നതിന് ഒരു പരിധിയുമില്ലേ എന്നാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.
ജസ്റ്റിൻ ട്രുഡോ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് കഴിഞ്ഞ ഡിസംബറിലും പ്രസ്താവന നടത്തിയിരുന്നു. ഇതിൽ ഇന്തക്കുള്ള പ്രതിഷേധം കേന്ദ്ര സർക്കാർ കാനഡയെ അറിയിക്കുകയും ചെയ്തിരുന്നു. ട്രുഡോയുടെ പ്രസ്താവന ചൂണ്ടികാണിച്ച്, അത്തരം
പ്രവർത്തികൾ ഉഭയകക്ഷി ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതാണ്. ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങൾ സംബന്ധിച്ച തെറ്റായ വിവരങ്ങളാണ് ട്രുഡോയുടെ പ്രസ്താവന എന്നും ഇന്ത്യ അറിയിച്ചിരുന്നു.
എന്നാൽ, സമാധാനപരമായി സമരം ചെയ്യുന്ന പ്രക്ഷോഭകരുടെ അവകാശങ്ങൾക്കായി കാനഡ നിലകൊള്ളുമെന്നായിരുന്നു ഇന്ത്യയുടെ ഭീഷണിയോട് ട്രുഡോയുടെ പ്രതികരണം. സംവാദങ്ങളിലാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും ട്രുഡോ അന്ന് വിശദീകരിച്ചിരുന്നു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.