എന്നെ വിശ്വസിക്കൂ, സാമ്പത്തിക വളർച്ച വീണ്ടെടുക്കാൻ നമുക്ക് കഴിയും- മോദി
text_fieldsന്യൂഡൽഹി: ലോക്ഡൗണിനുശേഷം ഇന്ത്യ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്ത് സാമ്പത്തിക വളർച്ച വീണ്ടെടുക്കുമെന്ന ആത്മവിശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'അൺലോക്ക് 1' ഘട്ടത്തിൽ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്നും സാമ്പത്തിക വിദഗ്ധരേയും കോർപ്പറേറ്റുകളേയും അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
'എന്നെ വിശ്വസിക്കൂ, സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നത് അത്രയേറെ പ്രയാസമുള്ള കാര്യമല്ല' വ്യവസായികളോട് മോദി പറഞ്ഞു.
'എന്തുകൊണ്ടാണ് ഞാൻ ഇത്രയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്ന് നിങ്ങൾ അദ്ഭുതപ്പെടുന്നുണ്ടാകാം. ഇന്ത്യയുടെ കഴിവിലും കഠിനാധ്വാനത്തിലും നവീന ആശയങ്ങളിലും സംരംഭകരിലും തൊഴിലാളികളിലും എനിക്ക് അത്രയേറെ വിശ്വാസമുണ്ട്.' കോൺഫെഡറേഷൻ ഇന്ത്യൻ ഇൻഡസ്ട്രിയുടെ 125ാം വാർഷിക ദിനത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും സുരക്ഷിതരായിരിക്കാൻ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നതോടൊപ്പം സാമ്പത്തിക രംഗം ശക്തിപ്പെടുത്താനും നാം പരിശ്രമിക്കണം. നേരത്തേ തന്നെ തളർച്ച നേരിടുന്ന സാമ്പത്തിക രംഗത്തെ പിടിച്ചുലക്കുന്നതാണ് കോവിഡ് രോഗബാധയെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് നമ്മുടെ വളർച്ചയുടെ നിരക്ക് കുറച്ചിട്ടുണ്ടാകാം. എന്നാൽ ഇപ്പോൾ നാം ലോക്ഡൗണിൽ നിന്നും അൺലോക്കിന്‍റെ തലത്തിലേക്കെത്തിയിരിക്കുന്നു. ലോകത്തിന് ആവശ്യമുള്ള സാധനങ്ങൾ പൂർണമായും ഇന്ത്യയിൽ ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യേണ്ടതുണ്ട്. അതിനായി നമ്മൾ ഇനി പ്രയത്നിക്കണം.
ചെറുകിട ഇടത്തരം സംരംഭങ്ങൾ നമ്മുടെ സമ്പദ് വ്യവസ്ഥയുെട നട്ടെല്ലാണ്. അവരുടെ സംഭാവന 30 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.