സത്യം പരാജയപ്പെടില്ല; ജനാധിപത്യം സംരക്ഷിച്ച സുപ്രീംകോടതിക്ക് നന്ദിയെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസർ അസാധുവാക്കിയ ബാലറ്റുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതികരിച്ച് എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഈ ദുഷ്കരമായ സമയത്ത് ജനാധിപത്യം സംരക്ഷിച്ച സുപ്രീംകോടതിക്ക് നന്ദിയെന്ന് കെജ്രിവാൾ എക്സിലൂടെ പ്രതികരിച്ചു.
സത്യം കുഴപ്പത്തിലാകാം, പക്ഷേ പരാജയപ്പെടില്ല. ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ഭരണഘടനയും ജനാധിപത്യവുമാണ് അത്യന്തികമായി വിജയിച്ചത്.
കുൽദീപ് കുമാർ പാവപ്പെട്ട കുടുംബത്തിന്‍റെ അംഗമാണ്. മേയറായതിൽ ഇൻഡ്യ സഖ്യത്തിന്‍റെ അഭിനന്ദനങ്ങൾ. ഇന്ത്യൻ ജനാധിപത്യവും ബഹുമാനപ്പെട്ട സുപ്രീംകോടതിയും കാരണമാണ് ഈ വിജയം സാധ്യമായത്. എന്ത് വിലകൊടുത്തും നമ്മുടെ ജനാധിപത്യത്തിന്‍റെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും നിഷ്പക്ഷത കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.
ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിലെ സുപ്രീംകോടതി വിധിയിൽ കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് ഉണ്ടായത്. റിട്ടേണിങ് ഓഫിസർ അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ എട്ട് വോട്ടുകളും സാധുവാണെന്നും ഇവയെല്ലാം ലഭിച്ചത് എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാലറ്റ് പരിശോധനക്ക് ശേഷം തീർപ്പ് കൽപിച്ചു.
ബാലറ്റിൽ കൃത്രിമം നടത്തിയ വരണാധികാരി അനിൽ മസീഹിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാൻ പഞ്ചാബ്-ഹരിയാന ഹൈകോടതി രജിസ്ട്രാറോട് സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി വിധിക്ക് പിന്നാലെ എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനെ മേയറായി ചണ്ഡിഗഢ് പ്രഖ്യാപിച്ചു.
അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കർ മേയർ തെരഞ്ഞെടുപ്പിനെതിരായ ഹരജി സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കെ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അതിനിടെ ഭരണം തിരിച്ചുപിടിക്കാൻ മൂന്ന് എ.എ.പി കൗൺസിലർമാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.