അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ അപ്പീൽ നൽകില്ലെന്ന് ടി.ടി.വി ദിനകരൻ
text_fieldsചെന്നൈ: അയോഗ്യരാക്കപ്പെട്ട 18 എം.എൽ.എമാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകില്ലെന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം പ്രസിഡൻറ് ടി.ടി.വി ദിനകരൻ. ബുധനാഴ്ച മധുരയിലാണ് ദിനകരൻ പുതിയ തീരുമാനം അറിയിച്ചത്. തിരുപ്പറാംകുൺറം, തിരുവാരൂർ ഉൾപ്പെടെ 20 നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിനകരൻപക്ഷത്തെ 18 എം.എൽ.എമാരെയും അയോഗ്യത കൽപിച്ച സ്പീക്കറുടെ നടപടി കഴിഞ്ഞ ദിവസം മദ്രാസ് ഹൈകോടതി ശരിവെച്ചു. ഇതിനെതിരെ ഒക്ടോ. 30ന് അപ്പീൽ നൽകാൻ തീരുമാനിച്ചതായി വിമതവിഭാഗം നേതാവ് തങ്കതമിഴ്ശെൽവൻ അറിയിച്ചിരുന്നു.
ഹൈകോടതി വിധിയോടെ എടപ്പാടി സർക്കാറിന് മുന്നിലുള്ള പ്രതിസന്ധി നീങ്ങുകയായിരുന്നു. വിമത എം.എൽ.എമാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയാലും കേസ് നടപടികൾ പരമാവധി വലിച്ചുനീട്ടി ഭരണകാലയളവ് തികക്കാമെന്നായിരുന്നു ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ കരുതിയത്. അതിനിടെ ദിനകരനെ പിന്തുണക്കുന്ന മറ്റു മൂന്ന് എം.എൽ.എമാരെ കൂടി അയോഗ്യരാക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. ഇൗ നിലയിലാണ് ദിനകരൻ വിഭാഗം സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള തീരുമാനം പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.