മുഖ്യമന്ത്രിക്കായി ബി.ജെ.പിയിൽ വടംവലി
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ് എട്ടു നാൾ പിന്നിട്ട മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രിസ്ഥാനത്തിനായി ബി.ജെ.പി നേതാക്കളുടെ തർക്കം രൂക്ഷമായി.
രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ തനിക്കൊപ്പം നിൽക്കുന്ന എം.എൽ.എമാരുമായി പരസ്യമായ ശക്തിപ്രകടനം തുടരുമ്പോൾ മധ്യപ്രദേശിൽ പദവിക്കായി ഇനി മത്സരത്തിനില്ലെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പൊടുന്നനെ ‘രാം രാം’ അഭിവാദ്യവുമായി രംഗത്തുവന്നു. മധ്യപ്രദേശിൽ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച യോഗം ചേരാനിരിക്കെയാണ് ‘എല്ലാവർക്കും രാം രാം’ വന്ദനവുമായി ശിവരാജിന്റെ രംഗപ്രവേശം.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയുക്ത എം.എൽ.എമാരുടെ യോഗം നിശ്ചയിക്കാൻപോലും കഴിയാതെ ബി.ജെ.പി ഉന്നത നേതൃത്വം നിസ്സഹായാവസ്ഥയിലിരിക്കുമ്പോഴാണ് വസുന്ധരക്ക് പിന്തുണ പ്രഖ്യാപിച്ച് നിയുക്ത എം.എൽ.എമാരും മുൻ എം.എൽ.എമാരും അടക്കമുള്ള നേതാക്കൾ എത്തിയത്. എം.പി സ്ഥാനം രാജിവെച്ച് മഹന്ത് ബാലക്നാഥ് വസുന്ധരക്കു പകരം മുഖ്യമന്ത്രിയാകാൻ നീക്കം സജീവമാക്കുമ്പോഴാണ് വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്ന ഭാവത്തിൽ വസുന്ധര മുന്നോട്ടുപോകുന്നത്. 35ഓളം എം.എൽ.എമാർ വസുന്ധരക്കൊപ്പമാണെന്ന വാർത്തകൾക്കിടയിൽ 10 പുതിയ എം.എൽ.എമാർ ഞായറാഴ്ചയും പിന്തുണയുമായി അവരുടെ വസതിയിലെത്തി. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എം.എൽ.എമാരെ വിളിച്ചുചേർത്ത് രാജെ ശക്തിപ്രകടനം നടത്തിയിരുന്നു. അതിനുശേഷം ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയെ കണ്ടു. വസുന്ധര രാജെയുടെ മകനും എം.പിയുമായ ദുഷ്യന്ത് സിങ് എം.എൽ.എമാരെ ജയ്പുരിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്ന് ബി.ജെ.പിയുടെ കിഷൻഗഞ്ച് എം.എൽ.എ ലളിത് മീണയുടെ പിതാവ് ഹേമരാജ് മീണ പരാതിപ്പെട്ടിരുന്നു. രാജസ്ഥാൻ ബി.ജെ.പി പ്രസിഡന്റ് സി.പി. ജോഷിയെ കൂട്ടി മകനെ വിട്ടുകിട്ടാൻ റിസോർട്ടിലെത്തിയപ്പോൾ ദുഷ്യന്തിന്റെ അനുവാദമില്ലാതെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് വസുന്ധരക്കൊപ്പമുള്ള എം.എൽ.എ കൻവർലാൽ മീണ തടഞ്ഞുവെന്നും ഹേമരാജ് മീണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള യോഗം നടക്കാനിരിക്കെ കൈകൂപ്പി നിൽക്കുന്ന സ്വന്തം ചിത്രം പങ്കുവെച്ച് ശിവരാജ് സിങ് ചൗഹാൻ സമൂഹമാധ്യമമായ ‘എക്സി’ലൂടെ എല്ലാവർക്കം അഭിവാദ്യമർപ്പിച്ചത് വലിയ രാഷ്ട്രീയ ചർച്ചക്ക് വഴിവെച്ചു. കടുത്ത മത്സരത്തിനൊടുവിൽ കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുള്ള ശിവരാജ് തന്നെ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്.
എന്നാൽ, ശിവരാജിന്റെ ‘രാം രാം’ കേവലമൊരു പ്രഭാത വന്ദനമായി കണ്ടാൽ മതിയെന്ന പ്രതികരണവുമായി മുഖ്യമന്ത്രിപദത്തിന് മത്സരരംഗത്തുള്ള ബി.ജെ.പി മധ്യപ്രദേശ് അധ്യക്ഷൻ വി.ഡി. ശർമ രംഗത്തെത്തി. മൂന്നു നിരീക്ഷകർ തിങ്കളാഴ്ച ഭോപാലിലെത്തുമെന്നും നേതാവിനെ തെരഞ്ഞെടുക്കാൻ നിയുക്ത എം.എൽ.എമാർ വൈകീട്ട് നാലു മണിക്ക് യോഗം ചേരുമെന്നും വി.ഡി. ശർമ പറഞ്ഞു. ശർമയെ കൂടാതെ കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേൽ, പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ എന്നിവരാണ് മുഖ്യമന്ത്രിമോഹം കൈവിടാത്തത്. നരേന്ദ്ര സിങ് തോമറും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തങ്ങൾക്ക് കിട്ടില്ലെങ്കിൽ പിന്നെ ശിവരാജ് തന്നെ മതിയെന്ന നിലപാടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.