മംഗല്യദോഷം മാറാൻ 13കാരനെ വിവാഹം ചെയ്ത് അധ്യാപിക; കേസ്
text_fieldsഅമൃത്സർ: പഞ്ചാബിൽ ജാതകപ്രകാരമുള്ള മംഗല്യദോഷം മാറാൻ 13കാരനെ വിവാഹം ചെയ്ത് അധ്യാപിക. ജലന്ദറിലെ ബസ്തി ബാവ ഖേൽ പ്രദേശത്താണ് സംഭവം.
ജാതകപ്രകാരം മംഗല്യദോഷമുള്ളതിനാൽ വിവാഹം നടക്കാതിരിക്കുമോയെന്ന് വീട്ടുകാർ ഭയന്നിരുന്നതായി യുവതി പറഞ്ഞു. അതിനായി ജ്യോത്സനെ സമീപിച്ചു. ദോഷം മാറാൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാനായിരുന്നു ജ്യോത്സന്‍റെ നിർദേശം. യുവതി നടത്തുന്ന ട്യൂഷൻ ക്ലാസിലെ വിദ്യാർഥിയാണ് 13കാരൻ. കുട്ടിയെ പരിചയമുള്ളതിനാൽ വരനായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഇതോടെ ഒരാഴ്ച തന്‍റെ വീട്ടിൽ നിർത്തി പഠിപ്പിക്കാമെന്ന് കുട്ടിയുടെ മാതാപിതാക്കളോട് നിർദേശിക്കുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം കുട്ടി വീട്ടിൽ തിരിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കുട്ടിയുടെ വീട്ടുകാർ െപാലീസിൽ പരാതി നൽകി.
അധ്യാപികയും കുടുംബവും കുട്ടിയെ വിവാഹ ചടങ്ങുകൾക്ക് നിർബന്ധിച്ച് വിധേയമാക്കിയതായി പരാതിയിൽ പറയുന്നു. പ്രതീകാത്മകമായി വിവാഹ ചടങ്ങുകളായ ഹൽദി മെഹന്ദിയും ആദ്യരാത്രിയും ആഘോഷിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് അധ്യാപികയുടെ വളകൾ പൊട്ടിച്ച് വിധവയായി പ്രഖ്യാപിച്ചു. ജോത്സ്യന്‍റെ നിർദേശ പ്രകാരം അനുശോചന ചടങ്ങുകളും നടത്തിയതായും പറയുന്നു.
കൂടാതെ ഓരാഴ്ച വീട്ടിലെ ജോലികൾ ചെയ്യിപ്പിച്ചതായും കുടുംബം പറഞ്ഞു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അധ്യാപിക പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സംഭവം സത്യമാണെന്ന് ബോധിപ്പിച്ചു. എന്നാൽ യുവതിയുടെ നിരന്തര അഭ്യർഥന മാനിച്ച് കുട്ടിയുടെ മാതാപിതാക്കൾ പരാതി പിൻവലിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ഗഗൻദീപ് സിങ് പറഞ്ഞു. എന്നാൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെടുകയും സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ ഇതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.