തുനിഷയുടെ മരണം: ഷീസാൻ ഖാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsപാൽഘർ (മഹാരാഷ്ട്ര): ടെലിവിഷൻ താരം തുനിഷ ശർമ ആത്മഹത്യചെയ്ത സംഭവത്തിൽ അറസ്റ്റിലായ സഹതാരം ഷീസാൻ ഖാനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുനിഷയുടെ കാമുകനായിരുന്ന ഷീസാൻ ഖാനെ ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് വാലിവ് പൊലീസ് അറസ്റ്റ് ചെയ്തത്. ‘ആലി ബാബ, ദസ്തൻ ഇ കാബൂൾ‘ എന്ന സീരിയലിന്റെ സെറ്റിലെ ശുചിമുറിയിലാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് ഷീസാൻ ഖാൻ പ്രണയബന്ധം അവസാനിപ്പിച്ചതാണ് തൂങ്ങിമരിക്കാൻ കാരണമെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.
ഇരുവരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനക്കയച്ചിട്ടുണ്ട്. സന്ദേശങ്ങളും മറ്റും വീണ്ടെടുത്താൽ കൂടുതൽ വിവരങ്ങൾ അറിയാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം, ഡൽഹിയിൽ ശ്രദ്ധ വാൽക്കറുടെ കൊലപാതകത്തിന് ശേഷം രാജ്യത്തുണ്ടായ ചില സാമൂഹിക അസ്വസ്ഥതകളും മാധ്യമവാർത്തകളും കണ്ടാണ് ഇതരമതസ്ഥയായ തുനിഷയുമായി പ്രണയം അവസാനിപ്പിച്ചതെന്ന് ഷീസാൻ ശർമ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ശ്രദ്ധ വാൽക്കറെ പങ്കാളിയായ അഫ്താബ് പൂനവാല കൊലപ്പെടുത്തി, ശരീരാവശിഷ്ടങ്ങൾ കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. വ്യത്യസ്ത മതവും പ്രായത്തിലുള്ള വ്യത്യാസവും കാരണമാണ് തുനിഷയുമായി പ്രണയം പിരിയാൻ തീരുമാനിച്ചതെന്ന് ഷീസാൻ പറഞ്ഞു. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പും തുനിഷ ആത്മഹത്യക്ക് ശ്രമിച്ചതായും പ്രതി പറഞ്ഞു. മരണം ‘ലവ് ജിഹാദി’ന്റെ ഭാഗമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിയമം കൊണ്ടുവരുമെന്നും മഹാരാഷ്ട്ര പഞ്ചായത്തീരാജ് മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.