തുനിഷയുടെ മരണം: ഫോറൻസിക് സംഘം പരിശോധിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ടെലിവിഷൻ താരം തുനിഷ ശർമയെ (21) മരിച്ചനിലയിൽ കണ്ടെത്തിയ ടെലിവിഷൻ ഷോയുടെ സെറ്റിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. പാൽഘർ ജില്ലയിൽ നടി മരിച്ചനിലയിൽ കണ്ടെത്തിയ സ്ഥലത്തുനിന്ന് തൂങ്ങിമരിക്കാൻ ഉപയോഗിച്ച ക്രെയ്പ് ബാൻഡേജ് ഉൾപ്പെടെ വസ്തുക്കൾ പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കലീന ലാബിൽനിന്നുള്ള ഫോറൻസിക് സംഘം തുനിഷയുടെ വസ്ത്രങ്ങളും ആഭരണങ്ങളും പിടിച്ചെടുത്തു.
സഹനടൻ ഷീസൻ ഖാന്റെ മൊബൈൽ ഫോണും സംഭവദിവസം അദ്ദേഹം ധരിച്ച വസ്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച സെറ്റിൽ ഉണ്ടായിരുന്നവരടക്കം 16 പേരുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഷീസൻ ഖാൻ ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലാണ്. തുനിഷയുമായുള്ള ബന്ധം മൂന്നു മാസത്തോളമാണ് നീണ്ടുനിന്നതെന്നും പ്രായവ്യത്യാസമടക്കമുള്ള വിഷയങ്ങളുള്ളതിനാൽ അത് തുടരാൻ കഴിഞ്ഞില്ലെന്നും ഖാൻ പറഞ്ഞതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആലി ബാബ, ദാസ്താനെ കാബൂൾ എന്നീ സീരിയലുകളിൽ അഭിനയിക്കുന്ന തുനിഷയെ കഴിഞ്ഞ ശനിയാഴ്ചയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുനിഷയുടെ മരണം ലവ് ജിഹാദിനെ തുടർന്നാണെന്നാരോപിച്ച് മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരീഷ് മഹാജൻ രംഗത്തെത്തിയിരുന്നു. എന്നാൽ, സംസ്ഥാനത്തെ പ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പി ലവ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പട്ടേൽ ആരോപിച്ചു. ഖാൻ മകളെ ചതിച്ചെന്നാരോപിച്ച് തുനിഷയുടെ മാതാവും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.