ഡൽഹി നിയമസഭക്കുള്ളിൽ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി; തൂക്കിലേറ്റാനുള്ള മുറിയും
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭക്കുള്ളിൽ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി. തുരങ്കത്തോടൊപ്പം തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളെ ഭയന്ന് ബ്രിട്ടീഷുകാർ തുരങ്കം നിർമിച്ചതാകാമെന്നാണ് നിഗമനം. നിയമസഭക്കുള്ളിൽ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും അതിന്‍റെ പ്രവേശന കവാടം ഇപ്പോഴാണ് കണ്ടെത്തിയത്.
1912ൽ രാജ്യ തലസ്ഥാനം ബ്രിട്ടീഷുകാർ കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയിരുന്നു. അന്ന് മുതൽ സെൻട്രൽ നിയമസഭയും കോടതിയും ഡൽഹിയിലാണ് പ്രവർത്തിച്ചിരുന്നത്. 1926ലാണ് നിയമസഭ മന്ദിരം കോടതിയാക്കി മാറ്റിയത്. തടവിലാക്കിയ സ്വാതന്ത്ര്യ സമരസേനാനികളെ ചെങ്കോട്ടയിൽ നിന്ന് കോടതിയിൽ എത്തിക്കാൻ വേണ്ടി തുരങ്കം നിർമിച്ചതാകാമെന്നാണ് കണ്ടെത്തൽ.
1993ൽ എം.എൽ.എ ആയപ്പോൾ ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെ കുറിച്ച് കേട്ടിരുന്നുവെന്ന് നിയമസഭ സ്പീക്കർ രാം നിവാസ് ഗോയൽ പറഞ്ഞു. എന്നാൽ, ചരിത്രത്തിൽ തുരങ്കത്തെ കുറിച്ച് തിരഞ്ഞെങ്കിലും യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ഇപ്പോൾ തുരങ്കത്തിന്‍റെ പ്രവേശന കവാടം കണ്ടെത്തി.
മെട്രോ റെയിൽ പദ്ധതികളും മലിനജല സംവിധാനങ്ങളും കാരണം തുരങ്കപാത തകർന്നതിനാൽ തുരങ്കത്തിനുള്ളിൽ കൂടുതൽ ആഴത്തിലുള്ള പരിശോധനകൾ നടത്താൻ സാധിക്കില്ല. തുരങ്കത്തിന്‍റെ പുനരുദ്ധാരണം നടത്തി 2022 ആഗസ്റ്റ് 15ന് മുമ്പ് പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നു കൊടുക്കുമെന്ന് രാം നിവാസ് ഗോയൽ അറിയിച്ചു.
തൂക്കിലേറ്റാനായി ഉപയോഗിച്ച മുറി സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആദരമർപ്പിക്കാനുള്ള സ്ഥലമായി രൂപമാറ്റം വരുത്താനാണ് അധികൃതരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.