പ്രക്ഷുബ്ധ പലായനം: ശൈഖ് ഹസീന ഇന്ത്യയിലെത്തിയിട്ട് 100 ദിനങ്ങൾ
text_fieldsന്യൂഡൽഹി: ബംഗ്ലാദേശിൽ പ്രക്ഷുബ്ധതയുടെ നിമിഷങ്ങളിൽ ജീവൻ കൈയിലെടുത്ത് ശൈഖ് ഹസീന ഇന്ത്യയിലെത്തിയിട്ട് 100 ദിനങ്ങൾ പിന്നിടുന്നു. ആഗസ്റ്റ് അഞ്ചിനാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തിൽനിന്ന് നിഷ്‍കാസിതയായി രാജ്യം വിട്ട് അവർ ഇന്ത്യയിൽ അഭയം തേടിയത്. ഇന്ത്യയുമായി പുലർത്തിയ അടുത്ത ബന്ധമാണ് അഭയം നൽകാൻ കാരണമെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശ് എയർഫോഴ്‌സ് വിമാനത്തിൽ രക്ഷപ്പെട്ട ഹസീനയും അടുത്ത കുടുംബാംഗങ്ങളും ഗാസിയാബാദിലെ ഹിൻഡൺ എയർ ബേസിലാണ് എത്തിയത്. തുടർന്ന് രണ്ട് ദിവസം ഇവിടെ തങ്ങി മറ്റൊരിടത്തേക്ക് മാറുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ശൈഖ് ഹസീന ഡൽഹിയിൽ അതീവ സുരക്ഷയുള്ള ബംഗ്ലാവിൽ താമസിച്ച് പോരുകയാണ്. സുരക്ഷ കാരണങ്ങളാൽ അവരുടെ കൃത്യമായ താമസസ്ഥലം അധികൃതർ പുറത്തുവിട്ടിട്ടില്ല.
ശൈഖ് ഹസീനയുടെ സുരക്ഷക്കായി നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) കമാൻഡോകളെ വിന്യസിച്ചിട്ടുണ്ടെന്നും കമാൻഡോകൾ ബാഹ്യ സുരക്ഷ നിയന്ത്രിക്കുന്നുണ്ടെന്നും സുരക്ഷ വൃത്തങ്ങൾ ഇന്ത്യ ടുഡേ ടി.വിയോട് പറഞ്ഞു. പാർലമെന്റ് അംഗങ്ങളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും താമസിക്കുന്ന അതീവ സുരക്ഷാ മേഖലയാണിത്. സേഫ് ഹൗസിന് പുറത്തുള്ള ഹസീനയുടെ ഏത് നീക്കവും പ്രധാന സുരക്ഷാ സംഘം പരിശോധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സംവരണവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് സംഘർഷം രൂക്ഷമായപ്പോഴാണ് അവർ രാജ്യം വിട്ടത്. 2009ൽ പ്രധാനമന്ത്രിയായി തിരിച്ചെത്തിയ ശേഷം, അവർ തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽ മുറുകെ പിടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ചെന്ന വ്യാപക വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
അതേസമയം, ശൈഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടുമെന്ന് മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല സർക്കാർ അറിയിച്ചിരുന്നു. 1975ൽ ശൈഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശ് പ്രസിഡന്റുമായ മുജീബുർറഹ്മാൻ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം കൊല്ലപ്പെട്ടപ്പോൾ ഹസീനയും സഹോദരിയും ആറ് വർഷം ന്യൂഡൽഹി പണ്ടാര റോഡിൽ താമസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.