മഹാത്മാഗാന്ധിയെ അവഹേളിച്ച ഹിന്ദുത്വ നേതാവിനെതിരെ ഗാന്ധിയുടെ പ്രപൗത്രൻ പരാതി നൽകി
text_fieldsമുംബൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അവഹേളിച്ച് പ്രസംഗിച്ച പൂണെയിലെ ഹിന്ദുത്വ നേതാവ് സംഭാജി ഭിഡെയ്‌ക്കെതിരെ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി പരാതി നൽകി. ജൂലൈ അവസാനവാരം അമരാവതിയിൽ നടന്ന പരിപാടിക്കിടെയാണ് മഹാത്മാഗാന്ധിയെയും കുടുംബത്തെയുംകുറിച്ച് 'ഭിഡെ ഗുരുജി' എന്നറിയപ്പെടുന്ന സംഭാജി ഭിഡെ നിന്ദ്യമായ പരാമർശങ്ങൾ നടത്തിയത്.
ബാപ്പുവിനെതിരെ മാത്രമല്ല, കുടുംബത്തിനെതിരെയും അപമാനകരമായ പ്രസ്താവനയാണ് ശ്രീ ശിവപ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ സ്ഥാപകനായ ഭിഡെ നടത്തിയതെന്ന് തുഷാർ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭിഡെയ്‌ക്കെതിരെ അമരാവതിയിലും നാസിക്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
തുഷാർ ഗാന്ധിയും അഭിഭാഷകൻ അസിം സരോദും വ്യാഴാഴ്ച പൂണെ ഡെക്കാൻ ജിംഖാന പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 499, 153 (എ), 505 എന്നിവ പ്രകാരം കേസെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഭിഡെക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് തുഷാർ ഗാന്ധി പറഞ്ഞു.
നേരത്തെയും വിവാദ പരാമർശങ്ങൾ നടത്തി കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ഭിഡെ. ബുദ്ധനും സാമൂഹ്യ പരിഷ്കർത്താക്കളായ മഹാത്മാ ജ്യോതിബ ഫൂലെയ്ക്കും പെരിയാർ നായ്ക്കർക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ഇയാൾക്കെതിരെ ആഗസ്റ്റ് 7 ന് നവി മുംബൈ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.