സ്മോക്ക് കാനിസ്റ്ററിനായി ചാനൽ മാധ്യമപ്രവർത്തകരുടെ ‘അടിപിടി’; പാർലമെന്‍റ് വളപ്പിലെ വിഡിയോ വൈറൽ
text_fieldsന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലും പുറത്തും പ്രതിഷേധിച്ചതിന് നാലുപേരാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കർണാടക സ്വദേശികളായ സാഗര്‍ ശര്‍മയും മനോരഞ്ജനുമാണ് ലോക്സഭയിൽ പ്രതിഷേധിച്ചത്.
കേന്ദ്ര സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ഗാലറിയിൽനിന്നു താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ഇരുവരും ചാടുകയും മഞ്ഞനിറത്തിലുള്ള പുക പടർത്തുകയുമായിരുന്നു. ഇവരെ എം.പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് കീഴ്പ്പെടുത്തിയത്. ലോക്സഭയുടെ പുറത്ത് പ്രതിഷേധിച്ചതിന് നീലം, അമോല്‍ ഷിന്‍ഡെ എന്നിവരാണ് പിടിയിലായത്. പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷിക ദിനത്തിലാണ്, ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്സഭയിൽ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്.
എന്നാൽ, പാർലമെന്‍റിൽ പ്രതിഷേധക്കാർ മഞ്ഞനിറം പടർത്താനായി ഉപയോഗിച്ച സ്മോക്ക് കാനിസ്റ്ററിനായി ചാനൽ മാധ്യമപ്രവർത്തകർ അടിപിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നിലത്തുകടന്നിരുന്ന കാനിസ്റ്റർ ഒരു മാധ്യമപ്രവർത്തകൻ കൈയിലെടുത്ത് തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെ ചുറ്റുമുണ്ടായിരുന്ന വനിത മാധ്യമപ്രവർത്തകയടക്കമുള്ളവർ ഇതിനായി പിടിവലി കൂടുന്നതാണ് ദൃശ്യത്തിലുള്ളത്. നിമിഷങ്ങൾക്കകമാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
പലരും രസകരമായാണ് ഇതിനോട് പ്രതികരിച്ചത്. ‘അവർ പത്രപ്രവർത്തകരാണെന്ന കാര്യംപോലും മറന്നുപോയെ’ന്ന് ഒരാൾ പ്രതികരിച്ചു. ’ജന്മദിന പാർട്ടികളിൽ കേക്ക് വിതരണത്തിനിടെ നമ്മൾ ഇതുപോലെ വഴക്കുണ്ടാക്കുമായിരുന്നു. പക്ഷേ ഞങ്ങൾ കുട്ടികളായിരുന്നു, ഇവർ മുതിർന്നവരും’ -മേഘ്നാദ് എന്നരൊൾ പോസ്റ്റ് ചെയ്തു.
മനോരഞ്ജന്‍റെ കൈയിൽനിന്നു ബി.ജെ.പി എം.പി പ്രതാപ് സിംഹ ഒപ്പിട്ടുനൽകിയ പാസ് കണ്ടെടുത്തു. മൈസൂരു എം.പിയാണ് പ്രതാപ് സിംഹ. സാഗറിന്‍റെ പാസ്സ് ഒപ്പിട്ടുനൽകിയത് പ്രതാപ് സിംഹയാണെന്ന് ബി.എസ്.പി എം.പി ഡാനിഷ് അലി പറഞ്ഞു. ഇതിന്‍റ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതാപ് സിംഹ പാർലമെന്‍ററികാര്യ മന്ത്രിക്ക് വിശദീകരണം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.