ഒരു വർഷത്തെ ദേശീയ സാക്ഷരത യജ്ഞവുമായി 'ട്വീറ്റ്'
text_fieldsന്യൂഡൽഹി: ഒരാൾ പത്തുപേരെ സാക്ഷരരാക്കുന്ന ഒരു വർഷം നീളുന്ന ദേശീയ സാക്ഷരത യജ്ഞത്തിന് 'വിഷൻ 2026' പദ്ധതികൾ നടപ്പാക്കുന്ന ന്യൂഡൽഹി കേന്ദ്രമായ സർക്കാറിതര സന്നദ്ധ സംഘടന ട്വീറ്റ് (ദ വിമൻ എജുക്കേഷൻ ആൻഡ് എംപവർമെന്റ് ട്രസ്റ്റ്) സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ തുടക്കമിട്ടു.
'നിരക്ഷരതയിൽ നിന്ന് സ്വാതന്ത്ര്യം; ഒരാൾ പത്തുപേരെ പഠിപ്പിക്കുക' എന്ന് പേരിട്ട യജ്ഞത്തിലൂടെ ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഇന്ത്യയിലെ നിരക്ഷരത ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ 'ട്വീറ്റ്' ചെയർപേഴ്സൻ എ.റഹ്മത്തുന്നീസ അറിയിച്ചു.
വിദ്യാഭ്യാസം നേടിയ സ്ത്രീകളെ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും നിരക്ഷരരായ മനുഷ്യരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 15നും 49നുമിടയിൽ പ്രായമുള്ള 28.5 ശതമാനം സ്ത്രീകൾ നിരക്ഷരരായി രാജ്യത്തുണ്ട്.
ഒരു വർഷത്തേക്ക് വളന്റിയർമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകും. ഓരോ വളന്റിയറും ആഴ്ചയിൽ നാല് മണിക്കൂറെങ്കിലും വിനിയോഗിച്ച് ഒരു വർഷം കൊണ്ട് പത്ത് പേരെ സാക്ഷരരാക്കും. നിർബന്ധിത സാമൂഹിക പ്രവർത്തനം പോലുള്ള സർവകലാശാല പദ്ധതികളെ സാക്ഷരതാ യജ്ഞത്തിന് വിനിയോഗിക്കുമെന്നും റഹ്മത്തുന്നീസ പറഞ്ഞു. ജനറൽ സെക്രട്ടറി ശായിസ്ത റഫാത്ത്, ട്രഷറർ ശർനാസ് മുത്തു, ട്വീറ്റ് കോഓഡിനേറ്റർ ഹുദ, ട്വീറ്റ് ഫെല്ലോ ഫർഹ എന്നിവർ ചേർന്ന് ദേശീയ സാക്ഷരത യജ്ഞത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.