ഹോളി ആഘോഷത്തിനിടെയുണ്ടായ ദുരനുഭവത്തിൽ ട്വീറ്റുമായി ജാപ്പനീസ് യുവതി
text_fieldsന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ ദുരനുഭവം സംബന്ധിച്ച് ട്വീറ്റുമായി ജാപ്പനീസ് യുവതി. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും 35ഓളം സുഹൃത്തുക്കൾക്കൊപ്പമാണ് താൻ ഹോളി ആഘോഷിക്കാൻ എത്തിയതെന്നും യുവതി ട്വീറ്റ് ചെയ്തു.
ഹോളി ആഘോഷവേളയിൽ ഒറ്റക്ക് സ്ത്രീകൾ പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് താൻ കേട്ടിരുന്നു. അതിനാൽ മറ്റ് സുഹൃത്തുക്കളോടൊപ്പമാണ് ആഘോഷത്തിനായി പോയതെന്ന് യുവതി ട്വീറ്റിൽ പറയുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാത്തിനേയും താൻ സ്നേഹിക്കുന്നുവെന്നും യുവതി പറയുന്നുണ്ട്. നിരവധി തവണ ഇന്ത്യയിൽ വന്നിട്ടുണ്ട്. ഇന്ത്യയും ജപ്പാനും ഇനിയും സുഹൃത്തുക്കൾ തന്നെയായിരിക്കുമെന്നും യുവതി ട്വീറ്റ് ചെയ്തു.
മാർച്ച് ഒമ്പതിന് ഇതുമായി ബന്ധപ്പെട്ട ഒരു വിഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയെയോ ഹോളി ആഘോഷത്തെയോ അപമാനിക്കാൻ വേണ്ടിയല്ല വിഡിയോ പങ്കുവെച്ചത്. വിഡിയോ സംബന്ധിച്ച് നിരവധി കമന്റുകൾ വന്നതോടെ താൻ അത് ഡിലീറ്റ് ചെയ്തുവെന്നും യുവതി വ്യക്തമാക്കി.
ഹോളി ദിനത്തിൽ ആഘോഷങ്ങൾക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ മൂന്നുപേർ പിടിയിലായിരുന്നു. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ജാപ്പനീസ് യുവതിയെ ഒരു കൂട്ടം പുരുഷന്മാർ ശല്യപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ഡൽഹി പൊലീസ് പ്രതികളെ പിടികൂടിയത്. പഹർഗഞ്ചിലെ ഒരു ഉൾപ്രദേശത്തുവെച്ചാണ് സംഭവം. പഹർഗഞ്ചിൽ ടൂറിസ്റ്റ് ആയി എത്തിയ ജാപ്പനീസ് യുവതി വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക് പോയി.
യുവതി പൊലീസിലോ എംബസിയിലോ പരാതിപ്പെട്ടിട്ടില്ല. അതേസമയം, വീഡിയോയിൽ കണ്ടതനുസരിച്ച് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. ഇവരെല്ലാം പഹർഗഞ്ചിന്റെ സമീപ പ്രദേശത്തെ താമസക്കാരാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ) സഞ്ജയ് കുമാർ സെയ്ൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.