ആര്യൻ ഖാൻ കേസിൽ പുതിയ വെളിപ്പെടുത്തൽ; 'നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു, നമുക്കിത് 18 കോടിയില്‍ ഒതുക്കാം, എട്ട് കോടി സമീര്‍ വാങ്കഡെക്ക്'
text_fieldsമുംബൈ: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ആഡംബരക്കപ്പൽ ലഹരിപ്പാർട്ടി കേസിൽ പുതിയ വെളിപ്പെടുത്തൽ. കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ എന്നയാളാണ് കോടികളുടെ ഇടപാടാണ് ലഹരികേസിന്‍റെ മറവിൽ നടക്കുന്നതെന്ന് സത്യവാങ്മൂലം നൽകിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകർ സെയിൽ. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നാണ് ഇയാളുടെ ആരോപണം.
കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ 'ഡീല്‍' ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണൽ ഡയറക്ടർ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു. എന്നാൽ, ആരോപണം സമീര്‍ വാങ്കഡെ നിഷേധിച്ചു.
'നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം'- ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളും കേസിലെ സാക്ഷിയായ ഗോസാവിയും തമ്മില്‍ കണ്ടെന്നും ഇക്കാര്യമാണ് അവര്‍ സംസാരിച്ചതെന്നും പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജീവന് ഭീഷണിയുള്ളതിനാലാണ് ഇങ്ങനെയൊരു സത്യവാങ്മൂലം ഫയൽ ചെയതതെന്നും പ്രഭാകർ സെയിൽ പറയുന്നു.
അതേസമയം, സാം ഡിസൂസ ആരാണെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇരുവരും ഗൂഢാലോചന നടത്തി ഷാരൂഖില്‍ നിന്നും പണം തട്ടാനാണോ പദ്ധതിയിട്ടതെന്നും വ്യക്തമായിട്ടില്ല. ആര്യൻ ഖാനെ എന്‍.സി.ബി ഓഫിസിലെത്തിച്ചപ്പോള്‍ കെ.പി. ഗോസാവിയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമീര്‍ വാങ്കഡെ പ്രതികരിച്ചു. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നാണ് വാങ്കഡെയുടെ ചോദ്യം. എന്‍.സി.ബിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങള്‍. ഓഫിസിൽ സിസിടിവി ക്യാമറകളുണ്ട്. ആരോപിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും വാങ്കഡെ പറഞ്ഞു.
തന്നെ സാക്ഷിയാക്കുകയായിരുന്നെന്നും റെയ്ഡ് നടന്ന ദിവസം തന്നെക്കൊണ്ട് എൻ.സി.ബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു. ഈ ആരോപണവും എൻ.സി.ബി നിഷേധിച്ചു. കപ്പലിൽ റെയ്ഡ് നടന്ന ഒക്‌ടോബർ രണ്ടിന് മുമ്പ് പ്രഭാകർ സെയിലിനെ കുറിച്ച് തങ്ങൾ കേട്ടിട്ടില്ലെന്നും അയാൾ ആരാണെന്ന് അറിയില്ലെന്നും എൻ.സി.ബി ഉദ്യോഗസ്ഥര്‍ പറയുന്നു. സത്യവാങ്മൂലം കോടതിയിലെത്തുമ്പോൾ മറുപടി നൽകുമെന്നാണ് എൻ.സി.ബി പറയുന്നത്.
ആഡംബരക്കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുമ്പോൾ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്കൊപ്പം കെ.പി. ഗോസാവി ഉണ്ടായിരുന്നു. ഇയാളുടെ സാന്നിധ്യം സംശയമുണർത്തുന്നതാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉൾപ്പെടെ ആരോപിച്ചിരുന്നു. സാക്ഷികളിലൊരാൾ ഇയാളാണെന്നായിരുന്നു എൻ.സി.ബിയുടെ വിശദീകരണം. അറസ്റ്റിന് തൊട്ടുപിന്നാലെ ആര്യൻ ഖാനൊപ്പമുള്ള സെൽഫി ഇയാൾ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
അതിനിടെ, കാണാതായ കെ.പി. ഗോസാവിക്കായി പുനെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പുണെ പൊലീസ് 2018ൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലാണ് കെ.പി. ഗോസാവിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഫറസ്ഖാന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ഒളിവിലായിരുന്നത്രെ. എന്നാൽ, താൻ സ്വകാര്യ ഡിറ്റക്ടീവ് ആണെന്നായിരുന്നു ഗോസാവി അവകാശപ്പെട്ടിരുന്നത്.
വിവാദമായി ബി.ജെ.പി നേതാവിന്‍റെ വെളിപ്പെടുത്തൽ
ആഡംബരക്കപ്പൽ ലഹരിക്കേസിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡിൽ താനും പങ്കെടുത്തതായി നേരത്തെ ബി.ജെ.പി നേതാവ് നേരത്തെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ബി.ജെ.പി നേതാവായ മനീഷ് ഭനുഷാലിയാണ് ആഡംബര കപ്പലിലെ റെയ്ഡിൽ പങ്കെടുത്തതായി വെളിപ്പെടുത്തിയത്. റെയ്ഡിൽ ബി.ജെ.പിക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾക്കിടെയായിരുന്നു നേതാവിന്‍റെ വെളിപ്പെടുത്തൽ.
റെയ്ഡിനിടെ പിടികൂടിയ ആര്യൻ ഖാന്‍റെ സുഹൃത്ത് അർബാസ് മർച്ചന്‍റിനെ മുംബൈയിലെ എൻ.സി.ബി ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഭനുഷാലിയാണ്. ഇത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എൻ.സി.ബി ഉദ്യോഗസ്ഥനല്ലാത്ത ഒരാൾ എങ്ങിനെ റെയ്ഡിൽ പങ്കെടുത്തുവെന്ന് ചോദ്യമുയർന്നിരുന്നു.
എന്നാൽ, ആഡംബര കപ്പലിലെ ലഹരി പാർട്ടിയെ കുറിച്ച് തനിക്ക് ഒക്ടോബർ ഒന്നിന് തന്നെ വിവരം ലഭിച്ചിരുന്നുവെന്നാണ് മനീഷ് ഭൻഷാലി അവകാശപ്പെടുന്നത്. എൻ.സി.ബിയെ സമീപിക്കാൻ തന്‍റെ സുഹൃത്താണ് നിർദേശിച്ചത്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലക്കാണ് അവരെ സമീപിച്ചത്. എൻ.സി.ബിക്കും ഇതുസംബന്ധിച്ച ചെറിയ വിവരം ഉണ്ടായിരുന്നെങ്കിലും വിശദമായ വിവരം നൽകിയത് ഞങ്ങളാണ്. ഒക്ടോബർ രണ്ടിന് റെയ്ഡ് നടപ്പാക്കുമ്പോൾ ഞങ്ങളും ഒപ്പമുണ്ടായിരുന്നു -മനീഷ് ഭൻഷാലി പറഞ്ഞു.
ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം ചൊവ്വാഴ്ച
കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട ആര്യൻ ഖാൻ ആർതർ റോഡ് ജയിലിലാണ് കഴിയുന്നത്. ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. ആര്യനെ കാണാനായി വ്യാഴാഴ്ച രാവിലെ പിതാവ് ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തിയിരുന്നു. മിനിറ്റുകൾ മാത്രമായിരുന്നു ഷാരൂഖിന് മകനെ കാണാൻ അനുവാദം നൽകിയത്.
ലഭ്യമായ തെളിവുകൾ പ്രകാരം പ്രതികൾ കുറ്റക്കാരല്ലെന്ന് പറയാൻ സാധിക്കില്ലെന്നും ജാമ്യം ലഭിച്ചാൽ വീണ്ടും അതേ കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പില്ലെന്നുമാണ് കഴിഞ്ഞ ബുധനാഴ്ച പ്രത്യേക എൻ.ഡി.പി.എസ് കോടതി ജഡ്ജി വി.വി. പാട്ടീൽ ജാമ്യം നിഷേധിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.