ആർ.എസ്.എസിന്‍റെ സേവാഭാരതിക്ക് ട്വിറ്റര്‍ 18 കോടി രൂപ നൽകി
text_fieldsന്യൂഡൽഹി: ആർ.എസ്.എസ് നേതൃത്വത്തിലുള്ള സംഘ്പരിവാർ സംഘടനയായ സേവാഭാരതിക്ക് കോവിഡ് പ്രതിരോധത്തിനെന്ന പേരിൽ കോടികൾ കൈമാറി സമൂഹമാധ്യമ കമ്പനിയായ ട്വിറ്റര്‍. സേവാഭാരതിയുടെ സ്ഥാപനമായ സേവാ ഇന്‍റര്‍നാഷണലിന് രണ്ടര മില്യണ്‍ ഡോളർ (18,31,97,750 രൂപ) നൽകിയതായി ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സേയാണ് അറിയിച്ചത്. ഇതോടെ സേവാ ഭാരതിക്ക് കോവിഡിന്‍റെ പേരിൽ വിവിധ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നുമായി ഇതിനകം 128 കോടി രൂപ ലഭിച്ചതായി സേവാ ഇന്‍റര്‍നാഷണല്‍ ഫണ്ട് ഡെവല്പ്‌മെന്‍റ് വൈസ് പ്രസിഡന്‍റ് സന്ദീപ് ഖാഡേക്കര്‍ അറിയിച്ചു.
'ഹെല്‍പ് ഇന്ത്യ, ഡിഫീറ്റ് കോവിഡ്' കാമ്പയിന്‍റെ ഭാഗമായാണ് ട്വിറ്റർ സംഭാവന. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവയടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങാനാണ് ഈ പണമെന്ന് പറയുന്നു.
കാമ്പയിന്‍റെ ഭാഗമായി ഇന്ത്യയിലെ മൂന്ന് സംഘടനകൾക്ക് മൊത്തം 110 കോടിയിലേറെ രൂപ നൽകുമെന്ന് ട്വിറ്റർ അറിയിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കൻ സന്നദ്ധ സംഘടനയായ 'കെയറി'ന് 74 കോടി രൂപയും സേവ ഇൻറര്‍നാഷണലിനും എയ്ഡ് ഇന്ത്യ എന്ന സംഘടനയ്ക്കും 18 കോടി വീതവുമാണ് നൽകിയത്. ഈ പണം വിനിയോഗിച്ച് വാങ്ങുന്ന ഉപകരണങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കോവിഡ് സെന്‍ററുകള്‍ക്കും വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് ട്വിറ്റര്‍ വാർത്താകുറിപ്പില്‍ അറിയിച്ചു.
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് സേവാ ഇന്‍റര്‍നാഷണല്‍ ഫണ്ട് ഡെവല്പ്‌മെന്‍റ് വൈസ് പ്രസിഡന്‍റ് സന്ദീപ് ഖാഡേക്കര്‍ പ്രതികരിച്ചു. ഹൂസ്റ്റണിലാണ് സേവാ ഇന്‍റര്‍നാഷനല്‍ ആസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.