ഡൽഹിയിലേയും ഗുജറാത്തിലേയും സ്കൂളുകൾ താരതമ്യം ചെയ്ത് ട്വിറ്റർ; ട്രെൻഡിങ്ങായി 'ഗുജറാത്ത്സ്കൂൾ ദേക്കോ' ഹാഷ്ടാഗ്
text_fieldsന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഗുജറാത്തിലെ സ്കൂളുകൾ സന്ദർശിച്ചതിന് പിന്നാലെ ഇതുസംബന്ധിച്ച ചർച്ചകൾ ട്വിറ്ററിലും ചൂടുപിടിക്കുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിലേയും ഗുജറാത്തിലേയും സ്കൂളുകൾ താരതമ്യം ചെയ്താണ് ട്വിറ്ററിൽ ചർച്ച. 27 വർഷത്തെ ബി.ജെ.പി ഭരണത്തിന് ശേഷവും ഗുജറാത്തിലെ സ്കൂളുകൾ മോശം അവസ്ഥയിലാണെന്ന് മനീഷ് സിസോദിയ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് 'ഗുജറാത്ത്സ്കൂൾദേക്കോ' എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങായി.
ഡൽഹിയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സിസോദിയ ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിത്തു വാഗാനിയുടെ ജന്മനാടായ ഭാവ്നഗറിലെ രണ്ട് സ്കൂളുകളാണ് സന്ദർശിച്ചത്. സ്കൂളുകൾക്ക് പഴയ പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ചിലന്തിവലകളായിരുന്നു ക്ലാസ്റൂമുകളിൽ ഉണ്ടായിരുന്നത്. ശുചിമുറികളുടെ അവസ്ഥയും മോശമായിരുന്നു. താൽക്കാലിക അധ്യാപകർ അവർക്ക് ലഭിച്ചിരുന്ന തുച്ഛമായ വേതനം കൊണ്ടാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഗുജറാത്തിലെ വിദ്യാഭ്യാസമന്ത്രിയോട് ഡൽഹിയിലെ സ്കൂളുകൾ സന്ദർശിക്കാനും മനീഷ് സിസോദിയ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സിസോദിയയുടെ പ്രസ്താവനക്കെതിരെ പശ്ചിമ ഡൽഹി ബി.ജെ.പി എം.പി പ്രവേഷ് സാഹിബ് സിങ് വർമ്മ രംഗത്തെത്തി. ഡൽഹിയിലെ സ്കൂളുകളും മോശം അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. കെജ്രിവാളിന്റെ ലോകോത്തര വിദ്യാഭ്യാസത്തിന്റെ പൊള്ളത്തരം ഇപ്പോഴാണ് പുറത്തായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.