വയോധികനെ മർദിക്കുന്ന വിഡിയോ പങ്കുവെച്ച സംഭവം: ട്വിറ്റർ മേധാവി ഹാജരാകണമെന്ന് യു.പി പൊലീസ്
text_fieldsഗാസിയാബാദ്: വയോധികനുനേരെ നടന്ന അതിക്രമത്തിെൻറ വിഡിയോ ചിത്രം പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന് ഉത്തർപ്രദേശ് പൊലീസ്. കേസിൽ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാകാമെന്ന ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരിയുടെ മറുപടി തള്ളിയാണ് യു.പി പൊലീസ് പുതിയ നോട്ടീസ് നൽകിയത്. അന്നുതന്നെ നേരിട്ട് ഹാജരാകാൻ ട്വിറ്ററിെൻറ റസിഡൻറ് ഗ്രീവൻസ് ഓഫിസർ ധർമേന്ദ്ര ഛാത്തുറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിൽ വന്ന ഉള്ളടക്കങ്ങൾക്ക് ഈ രണ്ട് ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്നും പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നു. 'പ്രസ്തുത ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും നിങ്ങൾക്കതിന് കഴിഞ്ഞില്ല. ഇന്ത്യൻ നിയമം അനുസരിക്കാനുള്ളതാണെന്ന് നിങ്ങൾ മനസ്സിലാക്കണം' -നോട്ടീസിൽ പറയുന്നു.
ബംഗളൂരുവിലുള്ള മനീഷ് മഹേശ്വരിയോട് ഏഴു ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് ജൂൺ 17നാണ് ഗാസിയാബാദ് പൊലീസ് ആദ്യ നോട്ടീസ് നൽകിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ട്വിറ്റർ പൊലീസിന് ചില വിവരങ്ങൾ കൈമാറിയിരുന്നു. വിഡിയോ നൽകിയതിന് വെബ് പോർട്ടലായ 'ദ വയറിനും' നോട്ടീസ് നൽകിയിട്ടുണ്ട്. വിഡിയോ പ്രചരിപ്പിച്ച് സാമുദായിക അസ്വസ്ഥതയുണ്ടാക്കിയെന്ന് ആരോപിച്ച് ചില മാധ്യമപ്രവർത്തകരെയും കോൺഗ്രസ് നേതാക്കളെയും കേസിൽ പ്രതിചേർത്തിരുന്നു. അതേസമയം, സംഭവത്തിൽ വർഗീയ മാനമില്ലെന്ന പൊലീസിെൻറ വാദങ്ങൾ കള്ളമാണെന്ന് പറഞ്ഞ് മർദനത്തിരയായ വയോധികെൻറ ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ടെങ്കിലും അത് മറച്ചുവെച്ചുെകാണ്ടാണ് യു.പി പൊലീസ് ട്വിറ്ററിനും മാധ്യമപ്രവർത്തകർക്കും കോൺഗ്രസ് നേതാക്കൾക്കുെമതിരെ നീങ്ങിയിരിക്കുന്നത്. ഇതിനിടെ, 'സർക്കാർ നിർദേശത്തെ തുടർന്ന് തടഞ്ഞുവെച്ചിരിക്കുന്നു' എന്ന പ്രസ്താവനയോടെ, സംഭവവുമായി ബന്ധപ്പെട്ട 50 ട്വീറ്റുകൾ ട്വിറ്റർ തടഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.