ട്വിറ്ററിന് ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായി
text_fieldsന്യൂഡൽഹി: സ്വതന്ത്രമായി അഭിപ്രായം പറയാനും വിവരം പങ്കുവെക്കാനും പൊതുസമൂഹം ഏറെ ഉപയോഗിക്കുന്ന ട്വിറ്ററിനെതിരെ നിയമക്കുരുക്ക് മുറുക്കി സർക്കാർ. വിവര സാങ്കേതികവിദ്യ നിയമ പ്രകാരം സമൂഹമാധ്യമങ്ങൾക്ക് ലഭിക്കുന്ന നിയമ പരിരക്ഷയിൽനിന്ന് ട്വിറ്റർ പുറത്ത്. ഗാസിയാബാദിൽ മുസ്ലിം വയോധികനുനേരെ നടന്ന അതിക്രമത്തിെൻറ വിഡിയോ ചിത്രം പലരും പങ്കുവെച്ചതിന് യു.പി പൊലീസ് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
മേയ് 26ന് കേന്ദ്രസർക്കാർ കൊണ്ടുവന്ന സമൂഹമാധ്യമ നിയന്ത്രണ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞയാഴ്ച ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. ഉപയോക്താക്കൾ പങ്കുവെക്കുന്ന കുറ്റകരമായ വിവരങ്ങൾക്ക് പ്രതിക്കൂട്ടിൽ കയറേണ്ടതില്ലെന്ന നിയമപരിരക്ഷ സമൂഹമാധ്യമങ്ങൾക്കുണ്ട്. ഈ പരിരക്ഷയാണ് ഇപ്പോൾ നഷ്ടപ്പെട്ടത്. ചട്ടം പാലിക്കാൻ ട്വിറ്റർ സാവകാശം തേടിയിരുന്നു. ഇതിനിടെയാണ് യു.പി പൊലീസിെൻറ എഫ്.ഐ.ആർ.
കലാപ പ്രേരണ, സമുദായ സ്പർധ വളർത്തൽ, മതവികാരം ആളിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. ഉപയോക്താക്കളിൽ പലരും വിഡിയോ പങ്കുവെച്ചതിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററും ഫലത്തിൽ കൂട്ടുപ്രതിയായി. ചില കോൺഗ്രസ് പ്രവർത്തകരും മാധ്യമപ്രവർത്തകരും പ്രതിപ്പട്ടികയിലുണ്ട്. വിഷയം ചൂടേറിയ ചർച്ചയായതിനുപിന്നാലെ, സമൂഹമാധ്യമ ചട്ടം അനുസരിക്കാത്തതിന് ട്വിറ്ററിനെ ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് രൂക്ഷമായി വിമർശിച്ചു. പലവട്ടം അവസരം നൽകിയിട്ടും ഇന്ത്യൻ നിയമങ്ങൾ ബാധകമല്ലെന്ന മട്ടിലാണ് ട്വിറ്റർ പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ പതാകയേന്തുന്നവരെന്ന് അവകാശപ്പെടുന്നവർ, സർക്കാറിെൻറ മാർഗനിർദേശത്തെ എതിർക്കാനാണ് ശ്രമിച്ചത്.
വ്യാജവാർത്തകളോടുള്ള ട്വിറ്ററിെൻറ ഏകപക്ഷീയ നിലപാടിന് ഉദാഹരണമാണ് ഗാസിയാബാദ് സംഭവത്തിലെ സമീപനമെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിെൻറ ഇരകൾക്ക് ശബ്ദവും പരിരക്ഷയും നൽകാനാണ് പുതിയ മാർഗനിർദേശങ്ങളെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
മാർഗനിർദേശം വന്നിട്ട് ആഴ്ചകൾ പലതായിട്ടും അതിൽ നിർദേശിക്കുന്നതിനനുസരിച്ച് ഇന്ത്യയിൽ ചീഫ് കംപ്ലയൻസ് ഓഫിസറെ വെച്ചിട്ടില്ല എന്നതാണ് ട്വിറ്ററിനെതിരായ പ്രധാന പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.