ട്വിറ്റർ ഒരിക്കൽ നിങ്ങളുടെ ആത്മാവ് ആയിരുന്നല്ലോ; ബി.ജെ.പിയെ പരിഹസിച്ച് ശിവസേന
text_fieldsമുംബൈ: കേന്ദ്ര സർക്കാറും ട്വിറ്ററും തമ്മിലുള്ള പോര് തുടരുന്നതിനിടെ ബി.ജെ.പിയെ പരിഹസിച്ച് ശിവസേന മുഖപത്രമായ 'സാമ്ന'. ഒരിക്കൽ ബി.ജെ.പിയുടെയും മോദി സർക്കാറിന്‍റെയും രാഷ്ട്രീയ പ്രചാരണങ്ങളുടെ ആത്മാവായിരുന്ന ട്വിറ്റർ ഇപ്പോൾ അവർക്ക് തന്നെ ഭാരമായിരിക്കുന്നുവെന്ന് സാമ്ന എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടി.
ട്വിറ്ററിനെ തന്നെ ഒഴിവാക്കണോയെന്ന് ചിന്തിക്കുന്ന നിലയിലേക്ക് കേന്ദ്ര സർക്കാർ എത്തിയിരിക്കുകയാണ്. ഇപ്പോൾ, ട്വിറ്ററിനെ പോലെയുള്ള ഏതാനും മാധ്യമങ്ങൾ ഒഴികെ മറ്റെല്ലാം കേന്ദ്ര സർക്കാറിന്‍റെ നിയന്ത്രണത്തിന് കീഴിലായിക്കഴിഞ്ഞു.
ഒരു കാലത്ത് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനേക്കാൾ കൂടുതൽ ട്വിറ്ററിലായിരുന്നു ബി.ജെ.പി പ്രവർത്തിച്ചത്. 2014 തെരഞ്ഞെടുപ്പിൽ വ്യക്തിഹത്യക്കും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാനും ട്വിറ്ററിനെ ഉപയോഗിച്ചു.
ഈ ആക്രമണങ്ങൾ ഒരു വശത്ത് മാത്രം നടക്കുമ്പോൾ ബി.ജെ.പി സന്തോഷത്തിലായിരുന്നു. എന്നാൽ, പ്രതിപക്ഷം തുല്യശക്തിയിൽ തിരിച്ചടിച്ചതോടെ ബി.ജെ.പി പ്രതിസന്ധിയിലായി. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ നേതാക്കളായ മെഹുവ മൊയ്ത്രയും ഡെറിക് ഒബ്രയാനും ബി.ജെ.പിക്ക് കനത്ത പ്രഹരമേൽപ്പിച്ചത് ട്വിറ്റർ എന്ന ഇരുതല മൂർച്ചയുള്ള വാൾ ഉപയോഗിച്ചാണ്. ബിഹാർ തെരഞ്ഞെടുപ്പിൽ തേജസ്വി യാദവ് മോദിയെയും നിതീഷ് കുമാറിനെയും തുറന്നുകാട്ടിയത് ട്വിറ്റർ ഉപയോഗിച്ചാണ്.
രാഹുൽ ഗാന്ധിക്കെതിരെയും മൻമോഹൻ സിങ്ങിനെതിരെയും മോശം വാക്കുകൾ ഉപയോഗിച്ചത് ഏത് നിയമപ്രകാരമായിരുന്നു. ഉദ്ധവ് താക്കറെ മുതൽ മമത ബാനർജി, ശരദ് പവാർ, പ്രിയങ്ക ഗാന്ധി മുതലായ നേതാക്കൾക്കെതിരെ ട്വിറ്ററിലൂടെ വൻ വ്യക്തിഹത്യ നടത്തിയില്ലേ -ലേഖനത്തിൽ ചോദിച്ചു.
കോവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാറിന് സംഭവിച്ച വീഴ്ച തുറന്നുകാട്ടപ്പെട്ടത് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ്. നദികളിലൂടെ ശവങ്ങൾ ഒഴുകുന്ന ചിത്രങ്ങൾ, നിർത്താതെ എരിയുന്ന ചിതകൾ, ശ്മശാനങ്ങൾക്ക് പുറത്തെ ആംബുലൻസുകളുടെ നീണ്ട നിര തുടങ്ങിയവയെല്ലാം ലോകത്തെ കാണിച്ചത് സമൂഹമാധ്യമങ്ങളാണ്. ഇതുവഴിയാണ് കേന്ദ്ര സർക്കാറിന്‍റെ പ്രവർത്തനങ്ങൾ തുറന്നുകാട്ടപ്പെട്ടതെന്നും സാമ്ന ലേഖനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.