ജമ്മു-കശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ഇന്ത്യയുടെ ഭൂപടം; ട്വിറ്ററിനെതിരെ നടപടിക്കൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡല്‍ഹി: പുതിയ ഐ.ടി നിയമങ്ങൾ പാലിക്കുന്നതിലെ തർക്കം ഉൾപ്പെടെ കേന്ദ്ര സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന ട്വിറ്റർ പുതിയ ഭൂപട വിവാദത്തിൽ. ജമ്മു-കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്കു പുറത്തുള്ള പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ഭൂപടം പ്രസിദ്ധീകരിച്ചാണ് ട്വിറ്റർ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ട്വിറ്ററിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
'ട്വീപ്പ് ലൈഫ്' വിഭാഗത്തിലാണ് ജമ്മു-കശ്മീരും ലഡാക്കും ഒഴിവാക്കിയുള്ള ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ട്വിറ്റർ ഉപയോക്താക്കൾ തന്നെയാണ് ഈ പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. തുടർന്ന് രൂക്ഷ വിമർശനമാണ് ഉപയോക്താക്കളിൽ നിന്ന് ഉയർന്നത്. പുതിയ ഐ.ടി നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാറുമായി പോര് കനക്കുന്നതിനിടെ വീണ്ടും വിവാദം സൃഷ്ടിച്ച ട്വിറ്ററിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന. വൻ തുക പെനാൽറ്റി ഈടാക്കുകയോ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഏഴ് വർഷം തടവുശിക്ഷയോ ഐ.ടി നിയമത്തിന്‍റെ 69 സെക്ഷൻ എ പ്രകാരം നിരോധിക്കൽ വരെയോ ലഭിക്കാവുന്ന കുറ്റകൃത്യമായാണ് ഇത് ചൂണ്ടിക്കാട്ടപ്പെടുന്നത്.
നേരത്തെയും ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം വക്രീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജമ്മു- കശ്മീരിലെ ലേ ചൈനയുടെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. അന്ന് ട്വിറ്റര്‍ സി.ഇ.ഒക്ക് എഴുതിയ കത്തില്‍ ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്.
ഇന്ത്യയുടെ പുതിയ ഡിജിറ്റൽ നയം ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ എതിര്‍ക്കുന്നത്. നിയമം നടപ്പാക്കാത്തതിനാല്‍ ട്വിറ്ററിനു നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന നിലപാടിൽ കേന്ദ്രവും ഉറച്ചുനിൽക്കുകയാണ്. ട്വിറ്റര്‍ ഇന്ത്യയുടെ പരാതി പരിഹാര ഓഫിസറായി അമേരിക്കക്കാരനായ ജെറെമി കെസ്സലിനെ നിയമിച്ചതും ഇന്ത്യന്‍ ഐ.ടി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ ചട്ടം പ്രകാരം പരാതി പരിഹാര ഓഫിസര്‍ ഇന്ത്യയില്‍നിന്നുള്ള ആളാകണമെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.