'കഞ്ചാവ് എലി തിന്നു'; രണ്ട് പേരെ ജയിൽമോചിതരാക്കി കോടതി
text_fieldsചെന്നൈ: കഞ്ചാവ് എലി തിന്നതിനാൽ രണ്ട് പേരെ ജയിൽ മോചിതരാക്കി കോടതി. 22 കിലോ കഞ്ചാവ് കൈവശം വെച്ച കേസിൽ അറസ്റ്റിലായ ആന്ധ്ര സ്വദേശി രാജഗോപാൽ, നാഗേശ്വര റാവു എന്നിവരെ ചെന്നൈയിലെ പ്രത്യേക നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കോടതിയാണ് വെറുതെവിട്ടത്. 30 മാസത്തോളം ജയിൽവാസമനുഭവിച്ചതിന് ശേഷമാണ് വിചിത്ര വിധി.
22 കിലോ കഞ്ചാവ് കൈവശം വെച്ചതിന് 2020 നവംബറിൽ മറീന പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിൽ നിന്നും 50 ഗ്രാം പൊലീസ് കോടതിയിൽ ഹാജരാക്കുകയും 50 ഗ്രാം ഫോറൻസിക് പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം അവശേഷിക്കുന്ന 21 കിലോ കഞ്ചാവ് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് എലി തിന്നുവെന്ന വിചിത്ര വാദവുമായി പൊലീസ് രംഗത്തെത്തിയത്. പൊലീസ് സ്റ്റേഷൻ ഭാഗികമായി തകർന്ന നിലയിലാണെന്നും എലികളെ തുരത്താൻ സാധിച്ചില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കേസിൽ പ്രതികളുടെ കൈവശം ചാർജ്ഷീറ്റിൽ പരാമർശിച്ച 22 കിലോ കഞ്ചാവ് ഉണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതോടെയാണ് പ്രതികളെ വിട്ടയക്കാൻ കോടതി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.