കാലിക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത യുവാക്കളെ അജ്ഞാതർ ആക്രമിച്ച് കൊന്നുവെന്ന് പൊലീസ്
text_fieldsഗുവാഹത്തി: കാലിക്കടത്ത് ആരോപിച്ച് ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് യുവാക്കൾ അസമിൽ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച കോക്രേജാർ ജില്ലയിലാണ് സംഭവമെന്ന് അസം പൊലീസ് അറിയിച്ചു. ആക്രമണത്തിൽ നാലുപൊലീസുകാർക്ക് പരിക്കേൽക്കുകയും പൊലീസ് വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു.
ഏപ്രിൽ 13ന് മീറത്ത് പൊലീസ് അറസ്റ്റ് ചെയ്ത അക്ബർ ബൻജാരയും സൽമാനുമാണ് മരിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും മൃഗ സംരക്ഷണ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോക്രജാർ ജില്ലയിൽ പ്രതികൾക്കെതിരെ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അസം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.
തെളിവെടുപ്പിനായി പോകുന്നതിനിടെ പുലർച്ചെ 1.15ന് മരങ്ങൾ ഉപയോഗിച്ച് വഴി തടഞ്ഞ ശേഷമായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. 10-12 മിനിറ്റ് നേരം പ്രദേശത്ത് വെടിവെപ്പുണ്ടായി. ശേഷം പരിക്കേറ്റ യുവാക്കളെ സരൈബിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒരു എ.കെ 47 റൈഫിൾ, തിരകൾ, 35 റൗണ്ട് വെടിയുണ്ടകൾ, 28 റൗണ്ട് കാലി ബുള്ളറ്റ് ഷെല്ലുകൾ എന്നിവ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
'ഉത്തർ പ്രദേശ്, ഹരിയാന, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്ന് കാലികളെ ബംഗ്ലാദേശിലേക്ക് കടത്തിയതായി അവർ വെളിപ്പെടുത്തിയിട്ടുണ്ട്'-പൊലീസ് പറഞ്ഞു.
ബംഗ്ലാദേശ് ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളും പാകിസ്താൻ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസും (ഐ.എസ്.ഐ) റാക്കറ്റിൽ പങ്കാളികളാണെന്നും കച്ചവടത്തിൽ നിന്നും ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇരുവരും വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അസമിലെയും മേഘാലയയിലെയും തീവ്രവാദ സംഘടനകൾക്കും ഇവർ ഫണ്ടിങ് നടത്തിയതായി പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.