മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം; ബജ്‌റംഗ്ദൾ നേതാക്കൾക്കെതിരെ കേസ്
text_fieldsപിലിബിത്ത്: ഉത്തർപ്രദേശിലെ പിലിഭിത്തിൽ ഒരു പൊതുയോഗത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിനെ തുടർന്ന് ഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദളിന്റെ രണ്ട് നേതാക്കൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സഞ്ജയ് മിശ്ര, വിവേക് മിശ്ര എന്നീ പ്രതികളെ തിരിച്ചറിഞ്ഞതായും അവർ പറഞ്ഞു.
ഈ മാസം 13ന് മധോട്ടണ്ട ടൗണിലാണ് സംഭവം നടന്നതെന്ന് അഫ്‌സൽ ഖാൻ എന്നയാൾ നൽകിയ പരാതിയിൽ പറയുന്നു. യോഗത്തിൽ ബജ്‌റംഗ്ദൾ നേതാക്കളായ സഞ്ജയ് മിശ്രയും വിവേക് മിശ്രയും മുസ്‌ലിം സമുദായത്തെ പ്രകോപിപ്പിക്കുന്നതും അപമാനിക്കുന്നതുമായ പ്രസംഗങ്ങൾ നടത്തിയതായി പരാതിയിൽ ആരോപിക്കുന്നുവെന്ന് സർക്കിൾ ഓഫിസർ പുരൻപൂർ വിശാൽ ചൗധരി പറഞ്ഞു. ബംജ്റംഗ്ദൾ നേതാക്കൾ നടത്തിയ പ്രസംഗങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് മുസ്‍ലിം സമുദായത്തിൽപെട്ട കുറച്ചുപേർ സംഭവസ്ഥലത്തിനു പുറത്ത് അപലപിച്ചു. തുടർന്ന് പ്രാദേശിക അധികാരികൾ ഇടപെട്ട് ഉചിതമായ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി. രേഖാമൂലമുള്ള പരാതിയുടെയും സംഭവത്തിന്റെ വൈറൽ വിഡിയോയുടെയും അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
നേരത്തെ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പുരോഹിതനെതിരെ യു.പിയില്‍ കേസെടുത്തിരുന്നു. സെപ്റ്റംബര്‍ 29ന് ഗാസിയാബാദിലെ ലോഹ്യ നഗറിലെ പ്രസംഗത്തിനിടയിലാണ് യതി നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്. ദസറ ദിവസങ്ങളില്‍ കോലം കത്തിക്കേണ്ടി വരികയാണെങ്കില്‍ മുഹമ്മദ് നബിയുടെ കോലം കത്തിക്കാനാണ് നരസിംഹാനന്ദന്‍ ആഹ്വാനം ചെയ്തത്.
എന്നാല്‍, സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 302 (മതവികാരം വ്രണപ്പെടുത്തല്‍) പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ‘മേജര്‍ ആശാറാം വ്യാഗ് സേവാ സന്‍സ്ഥാന്‍’ ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ് ഇതാദ്യമായല്ല വിദ്വേഷ പ്രസംഗം നടത്തുന്നത്. 2022ലും വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.